കാമുകിയെ വിവാഹം കഴിക്കാൻ ഭാര്യയെ മാരക വിഷം കുത്തിവച്ച് കൊന്നു; നഴ്സ് പിടിയിൽ
പൂനെ: കാമുകിയെ വിവാഹം കഴിക്കാൻ ഭാര്യയെ മാരകവിഷം കുത്തിവച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. പൂനെയിലാണ് സംഭവം. നഴ്സായ സ്വപ്നിൽ സാവന്ത് (23) ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. ശേഷം സംഭവം ആത്മഹത്യയാക്കി മാറ്റാൻ പ്രതി ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.
പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായ സ്വപ്നിൽ അഞ്ച് മാസം മുമ്പാണ് പ്രിയങ്ക എന്ന യുവതിയെ വിവാഹം കഴിച്ചത്. വാടകവീട്ടിലായിരുന്നു ഇരുവരുടെയും താമസം. ഇതിനിടെ സ്വപ്നിൽ സഹപ്രവർത്തകയുമായി പ്രണയത്തിലായി. ഇവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച സ്വപ്നിൽ പ്രിയങ്കയെ കൊല്ലാനായി മാരകവിഷം കുത്തിവയ്ക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അന്വേഷണത്തിൽ സ്വപ്നിൽ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്ന് വെക്കുറോണിയം ബ്രോമൈഡ്, നൈട്രോഗ്ലിസറിൻ ഉൾപ്പെടെയുള്ള മരുന്നുകൾ ഇയാൾ മോഷ്ടിച്ചതായി കണ്ടെത്തി. ഇവ കുത്തിവച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നും തെളിഞ്ഞു.