ഡ്രെസ് കോഡ്, എൻ സി ഇ ആർ ടി ബുക്കുകൾ, സമയക്രമം; മദ്രസകളിൽ മാറ്റങ്ങൾ നടപ്പിലാക്കാനൊരുങ്ങി വഖഫ് ബോർഡ്
ഡെറാഡൂൺ: മദ്രസകളിൽ ഡ്രെസ് കോഡും സമയക്രമവും ഏർപ്പെടുത്താനൊരുങ്ങുന്നു. ഉത്തരാഖണ്ഡ് വഖഫ് ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരാഖണ്ഡ് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 103 മദ്രസകളിൽ ഡ്രെസ് കോഡ് ഏർപ്പെടുത്തും. സമയക്രമം രാവിലെ എട്ട് മണിമുതൽ ഉച്ചയ്ക്ക് രണ്ടി മണിവരെയായിരിക്കും. മദ്രസകളിൽ എൻ സി ഇ ആർ ടി ബുക്കുകൾ ഉപയോഗിക്കുമെന്നും വഖഫ് ബോർഡ് ചെയർമാൻ ഷദബ് ഷാംസ് വ്യക്തമാക്കി.
മദ്രസകളെ നവീകരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ആധുനിക വിദ്യാലയങ്ങൾക്ക് അനുസൃതമായി മദ്രസകളും നടത്തികൊണ്ടുപോകാനുള്ള ശ്രമങ്ങളും നടത്തുകയാണ്. ആദ്യ ഘട്ടത്തിൽ ഏഴ് മദ്രസകളായിരിക്കും ആധുനികവത്കരിക്കുക. ഡെറാഡൂണിൽ രണ്ടെണ്ണം, ഉദ്ദം സിംഗം നഗറിൽ രണ്ടെണ്ണം, ഹരിദ്വാറിൽ രണ്ടെണ്ണം, നൈനിറ്റാളിൽ ഒന്ന് എന്നിങ്ങനെയായിരിക്കും നടപ്പിലാക്കുകയെന്നും ഷദബ് ഷാംസ് അറിയിച്ചു. സംസ്ഥാനത്തെ എല്ലാ മദ്രസകളെക്കുറിച്ചും സർവേ നടത്തുന്നതിനായി സർക്കാർ ഉടൻ തന്നെ കമ്മിറ്റി രൂപീകരിക്കുമെന്ന് ഷദബ് ഷാംസ് മുൻപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഒരു മാസത്തിനുള്ളിൽ ഉത്തരാഖണ്ഡിലെ എല്ലാ മദ്രസകളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് ഒക്ടോബറിൽ ഉത്തരാഖ ണ്ഡിലെ സാമൂഹ്യക്ഷേമ- ന്യൂനപക്ഷ ക്ഷേമ മന്ത്രി ചന്ദൻ റാം ദാസ് അറിയിപ്പ് നൽകിയിരുന്നു. ഇത് പാലിക്കാത്ത മദ്രസകൾ അടച്ചുപൂട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മദ്രസകൾക്ക് നൽകുന്ന ഗ്രാന്റുകൾ കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ സംസ്ഥാനത്തെ മദ്രസകളെക്കുറിച്ച് പഠനം നടത്തണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി മുൻപ് പറഞ്ഞിരുന്നു.
ഉത്തരാഖണ്ഡിൽ രജിസ്റ്റർ ചെയ്ത 500ലധികം മദ്രസകൾ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതിൽ 400 എണ്ണം സംസ്ഥാന മദ്രസ ബോർഡിനും 103 എണ്ണം വഖഫ് ബോർഡിന് കീഴിലുമാണ് പ്രവർത്തിക്കുന്നത്. 400 ഓളം മദ്രസകൾ കൂടി ഉണ്ടെന്നും അവ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.