എസ് എസ് എൽ സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു, നാലര ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതും
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ തീയതി പ്രഖ്യാപിച്ചു. 2023 മാർച്ച് ഒമ്പതിനാണ് പരീക്ഷകൾ ആരംഭിക്കുക. മാർച്ച് 29ന് അവസാനിക്കും. എസ് എസ് എൽ സി മാതൃക പരീക്ഷകൾ (മോഡൽ എക്സാം) 2023 ഫെബ്രുവരി 23ന് ആരംഭിച്ച് മാർച്ച് മൂന്നിന് അവസാനിക്കും. നാലര ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂല്യ നിർണയം 2023 ഏപ്രിൽ മൂന്നിന് ആരംഭിക്കുമെന്നും ഫലം മേയ് പത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.