മരണവിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തി രോഗിയുടെ ഭർത്താവ്; മർദനമേറ്റ ഡോക്ടർ ചികിത്സയിൽ
തിരുവനന്തപുരം: രോഗി മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടർക്ക് നേരെ മർദനം. രോഗിയുടെ ഭർത്താവാണ് ഡോക്ടറെ ചവിട്ടി വീഴ്ത്തിയത്. ന്യൂറോ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്.ഐസിയുവിൽ നിന്ന് പുറത്തുവന്ന ഡോക്ടർ മരണവിവരം രോഗിയുടെ ഭർത്താവിനെ അറിയിച്ചു. പ്രകോപിതനായ ഇയാൾ ഡോക്ടറെ ചവിട്ടി വീഴ്ത്തി. സുരക്ഷാ ജീവനക്കാർ എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. പരിക്കേറ്റ ഡോക്ടർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പ്രതിഷേധിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട്, ഡോക്ടർമാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചു. ഡോക്ടർമാർക്ക് നേരെ തുടർച്ചയായി അക്രമസംഭവങ്ങൾ ഉണ്ടാകുന്നത് ചർച്ച ചെയ്യുമെന്നും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും അധികൃതർ പറഞ്ഞു.