ഇന്തോനേഷ്യയ്ക്ക് പിന്നാലെ തുർക്കിയിലും ഭൂചലനം; 35 പേർക്ക് പരിക്ക്
ഇസ്താംബൂള്: വടക്ക് പടിഞ്ഞാറൻ തുർക്കിയിൽ ഭൂചലനം. ഇന്ന് പുലർച്ചെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 35 പേർക്ക് പരിക്കേറ്റു. ഇസ്താംബൂളിൽ നിന്ന് 170 കിലോമീറ്റർ കിഴക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. യു എസ് ജിയോളജിക്കൽ സർവേ റിക്ടർ സ്കെയിലിൽ 6.1 തീവ്രതയുള്ള ഭൂകമ്പമാണ് രേഖപ്പെടുത്തിയത്. എന്നാൽ 5.6 തീവ്രത ഭൂചലമാണ് ഉണ്ടായതെന്നും സമീപത്തെ മറ്റ് നഗരങ്ങളിലും ഭൂചലനം ഉണ്ടായെങ്കിലും അതിന്റെ പ്രഭവ കേന്ദ്രം ഡ്യൂസ്സെ പ്രവിശ്യയിലെ ഗോൽയാക്ക ജില്ലയാണെന്നുമാണ് തുർക്കി അധികൃതർ അറിയിച്ചത്.വലിയ ശബ്ദത്തോടും വിറയലോടുമാണ് തങ്ങൾ ഉണർന്നത്തെന്നും പരിഭ്രാന്തകരായി ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നുയെന്നും ഡ്യൂസ്സെ പ്രദേശവാസികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭൂകമ്പത്തിൽ ഡ്യൂസ്സെയിൽ 32 പേർക്കും ഇസ്താംബൂളിൽ ഒരാൾക്കും സമീപ പ്രവിശ്യകളായ ബോലു, സോംഗുൽഡാക്ക് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും പരിക്കേറ്റതായി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കൊക്ക ട്വീറ്റ് ചെയ്തു. ഭൂചലത്തെ തുടർന്ന് പരിഭ്രാന്തരായി ബാൽക്കണിയിൽ നിന്ന് ചാടിയ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി ഗോൽയാക്ക സന്ദർശിച്ച ആഭ്യന്തരമന്ത്രി സുലെെമാൻ സോയ്ലു പറഞ്ഞു. ഭൂകമ്പത്തിന് ശേഷം 70 ഓളം തുടർചലനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിനെത്തുടർന്ന് ഇന്ന് ഡ്യൂസ്സെ, സക്കറിയ പ്രവിശ്യകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.എന്നാൽ അപകടത്തിന്റെ കൂടുതൽ നാശനാഷ്ട കണക്കുകൾ പുറത്ത് വന്നിട്ടില്ല. പരിശോധന തുടരുകയാണെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുർക്കി. ഡ്യൂസ്സെയിൽ 1999ൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിട്ടുണ്ട്. അന്ന് 17,000ലധികം പേരാണ് മരിച്ചത്.