കാഞ്ഞങ്ങാട്:നഗരത്തില്‍ സ്കൂള്‍ പരിസരങ്ങളിലും മാര്‍ക്കറ്റ് പഴയ ജില്ലാശുപത്രി,പോലീസ് സ്റ്റേഷന് ജംങ്ഷന്,പുതിയകോട്ട ടൗണ്‍ തുടങ്ങി ജനങ്ങളെത്തുന്ന സ്ഥലങ്ങളിലെല്ലാം സ്ഥാപിച്ചിരുന്ന പൊതുശുദ്ധജല ടാപ്പുകളില്‍ പകുതിയിലേറെയും അപ്രതിക്ഷമായി.മഹാകവി പി.സ്മാരക റോഡ് ജംങ്ഷന്,ദുര്‍ഗ്ഗാ ഹൈസ്കൂള്‍ പരിസരം എന്നിവിടങ്ങളിലെല്ലാം കേരള വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലടാപ്പുകള് 3 വര്‍ഷം മുമ്പുവരെ നിലവിലുണ്ടായിരുന്നു. ഈ പൊതുടാപ്പുകള്‍ സാധാരണ ജനങ്ങള്‍ക്ക് കുടിനീരിനും മറ്റും ഏറെ ഉപയോഗപ്രദമായിരുന്നു.വിദ്യാലയപ്പരിസരങ്ങളില് പണ്ടുകാലത്ത് സ്ഥാപിച്ചിരുന്ന ശുദ്ധജല ടാപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധജലം കുടിക്കാനുള്ള ഏക ആശ്രയമായിരുന്നുവെങ്കിലും കാഞ്ഞങ്ങാട് നഗരത്തില്‍ ഈ ടാപ്പുകളില്‍ ഭൂരിഭാഗവും അപ്രത്യക്ഷമായ നിലയിലാണ്.കെ.എസ്.ടി.പി റോഡ് നിര്‍മ്മിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇടപെട്ട് നഗരത്തില്‍ പൊതുടാപ്പുകള്‍ തീരുമാനിക്കുകയും ഇവയ്ക്കാവശ്യമായ ഇരുമ്പുപൈപ്പ് കണക്ഷന് പോയിന്റുകളും ജംഗ്ഷനും തീരുമാനിക്കാതിരുന്നതാണ് കാഞ്ഞങ്ങാട് കുവെള്ള ടാപ്പുകള്‍ പരക്കെ അപ്രതിക്ഷമാകാന് കാരണം. കാഞ്ഞങ്ങാട് വാട്ടര്‍ അതോറിറ്റി സബ്ഡിവിഷന് കീഴില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ 170 പൊതുടാപ്പുകളുണ്ടായിരുന്നുവെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ തന്നെ സമ്മതിക്കുന്നു.ഇതില്‍ 158 ടാപ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേരള വാട്ടര്‍ അതോറിറ്റി അസി.എഞ്ചിനീയര്‍ പറയുന്നു.അധികൃതരുടെ കണക്കനുസരിച്ച് 12 പൊതുശുദ്ധജലടാപ്പുകള് മാത്രമാണ് അന്യാധീനമായതെങ്കിലും 50ഓളം ടാപ്പുകള്‍ നഗരത്തില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്നുണ്ട്. പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ടാപ്പുകള്‍ നന്നാക്കിയെടുക്കാനും നഗരത്തിലെത്തുന്നവര്‍ക്കും കുട്ടികള്‍ക്കും ശുദ്ധജലം ലഭ്യാമാക്കാനുള്ള നടപടികളൊന്നും വാട്ടര്‍ അതോറിറ്റി കാഞ്ഞങ്ങാട് സബ്ഡിവിഷന് അധികൃതരുടെ ഭാഗത്തുനിന്ന് വര്‍ഷങ്ങളായി ഇല്ല.