പിതാവിനെയും മുത്തശ്ശിയേയുമടക്കം ഒരു കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു; ലഹരിക്കടിമയായ യുവാവ് പിടിയിൽ
ന്യൂഡൽഹി: ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് വെസ്റ്റ് ഡൽഹിയിലെ പാലം ഏരിയയിലെ വീട്ടിലാണ് സഹോദരിമാരെയും പിതാവിനെയും മുത്തശ്ശിയേയും കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ലഹരിക്കടിമയായ യുവാവാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പൊലീസ് അറിയിച്ചു.പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെയാണ് പൊലീസ് വിവരമറിഞ്ഞത്. തുടർന്ന് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് രക്തത്തിൽകുളിച്ചനിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.പ്രതിയെ ബന്ധുക്കളും അയൽക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നെന്നാണ് വിവരം. കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു