തരൂർ സംസ്ഥാന നേതാവ്, മണ്ഡലത്തിലൊതുങ്ങുന്നില്ല, പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമെന്നും സാദിഖലി തങ്ങൾ
മലപ്പുറം : പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം ഉള്ള നേതാവാണ് ശശി തരൂർ എന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ആ ബന്ധത്തിന്റെ തുടർച്ചയായാണ് പാണക്കാട് സന്ദർശനം. ഇപ്പോൾ തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാണ് തരൂർ. അദ്ദേഹം മണ്ഡലത്തിലൊതുങ്ങുന്ന നേതാവാല്ലെന്നും സംസ്ഥാന നേതാവാണെന്നും തരൂരിന് കേരളത്തിലെങ്ങും പ്രസക്തിയുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അതേസമയം മറ്റ് പാർട്ടികളുടെ ആഭ്യന്തര കാര്യം ലീഗ് സംസാരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇന്നും ആവർത്തിച്ചു. കോൺഗ്രസ് സംഘടന കാര്യം സംസാരിച്ചിട്ടില്ല. തരൂരിന്റെ മലബാർ സന്ദർശനം മുന്നണിക്ക് ഗുണകരമായോ എന്ന് ഞങ്ങൾ അല്ല വിലയിരുത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം കോൺഗ്രസിൽ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാൻ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്നാണ് ശശി തരൂരിന്റെ പ്രതികരണം. അതിന് താൽപര്യവുമില്ലെന്നും എ,ഐ ഗ്രൂപ്പുകൾ ഉള്ള പാർട്ടിയിൽ ഇനി ഒരു അക്ഷരം വേണമെങ്കിൽ അത് യു ആണെന്നും യുണൈറ്റഡ് കോൺഗ്രസ് ആണെന്നും തരൂർ പറഞ്ഞു. പാർട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവർത്തനത്തിനും താനില്ലെന്നും തരൂർ പറഞ്ഞു.
പാണക്കാട്ടെ തന്റെ സന്ദർശനത്തിൽ ഒരു അസാധാരണത്വവും ഇല്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട് . പൊതു രാഷ്ട്രീയ കാര്യങ്ങൾ ലീഗുമായി ചർച്ച ചെയ്തു. എന്നാൽ കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങൾ ചർച്ച ആയില്ലെന്നും തരൂർ പറഞ്ഞു. പാണക്കാട് സന്ദർശനത്തിന് ശേഷം തരൂർ മലപ്പുറം ഡിസിസിയിലും എത്തും.10 മണിക്ക് പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിൽ വിദ്യാർഥികളോട് സംവദിച്ച ശേഷം തരൂർ കോഴിക്കോട്ടേക്ക് മടങ്ങും.