മംഗളൂരു സ്ഫോടനം; പ്രതി ആലുവയിൽ താമസിച്ചത് അഞ്ചുദിവസം, ഓൺലൈനിൽ വാങ്ങിയ ടമ്മി ട്രിമറിലടക്കം ദുരൂഹത
ബംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ ഷാരിഖ് ആലുവയിൽ അഞ്ച് ദിവസം താമസിച്ചിരുന്നതായുള്ള പുതിയ വിവരം പുറത്ത്. സെപ്തംബർ 13 മുതൽ 18 വരെ ആലുവയിലെ ലോഡ്ജിൽ താമസിച്ചതായാണ് വിവരം. പ്രതി ഓൺലൈനായി വാങ്ങിയ വസ്തുക്കളിലും ദുരൂഹതയേറുന്നു. ഇവ പൂർണമായും ആലുവയിൽ നിന്ന് തന്നെയാണോ വാങ്ങിയതെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.
ആലുവയിൽ ഷാരിഖ് താമസിച്ച ലോഡ്ജിന്റെ ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഈ ലോഡ്ജിന്റെ വിലാസത്തിലാണ് വസ്തുക്കൾ ഓൺലൈനായി വാങ്ങിയിരിക്കുന്നത്. ഫേസ്വാഷ്, ശരീരഭാരം (വയർ) കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ടമ്മി ട്രിമ്മർ എന്നിവയാണ് ഷാരിഖ് വാങ്ങിയത്. ഇയാൾ എന്തിനായിരുന്നു അഞ്ച് ദിവസം താമസിച്ചത്, ടമ്മി ട്രിമ്മറടക്കമുള്ളവ എന്തിന് വാങ്ങി എന്നീ കാര്യങ്ങളിൽ വ്യക്ത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതി കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതായും ഏറണാകുളത്തുനിന്ന് സഹായം ലഭിച്ചുവെന്നും സ്ഫോടനം നടത്താനുള്ള ചില സാമഗ്രികൾ എത്തിയത് ആലുവയിൽ നിന്നാണെന്നും റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിൽ ആലുവയിലെ ചില സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുൻപുള്ളതാണ് ദൃശ്യങ്ങൾ. മംഗളൂരു നഗരത്തിൽ വൻ സ്ഫോടനം നടത്താനാണ് ഷാരിഖും കൂട്ടാളികളും പദ്ധതിയിട്ടിരുന്നത്. ഇതിനുള്ള സ്ഥലവും അവർ തീരുമാനിച്ചിരുന്നു.
മംഗലാപുരം റെയിൽവേസ്റ്റേഷനിൽ നിന്ന് നാഗൂരിലെ ബസ് സ്റ്റാന്റിലേക്ക് പോകാനായി മംഗളൂരു സ്വദേശിയായ പുരുഷോത്തമൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് ഷാരിഖ് കയറിയത്. യാത്രയ്ക്കിടെ ഘർഷണം മൂലം ചൂടുണ്ടായപ്പോഴാണ് സ്ഫോടനം നടന്നതെന്നാണ് സംശയം. പ്രതിയുടെ ബാഗിൽ നിന്ന് എന്തോ പൊട്ടിത്തെറിച്ചതായാണ് ഓട്ടോറിക്ഷ ഡ്രൈവർ പറഞ്ഞത്. ഡ്രൈവറും 50 ശതമാനം പൊള്ളലേറ്റ ഷാരിഖും ആശുപത്രിയിൽ ചികിത്സയിലാണ്.
ശിവമോഗ സ്വദേശിയായ ഷാരിഖിന് കൊടും ഭീകരരായ ഐസിസുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. തീവ്രവാദികളുമായി ഇയാളുടെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കർണാടക എഡിജിപി അലോക് കുമാർ വ്യക്തമാക്കി.