‘ഇതാ ഇത്രയും ബിയർ നിങ്ങൾക്ക് സൗജന്യമായി തരും’, ഫിഫ ലോകകപ്പിലെ മദ്യവിലക്കിന് പിന്നാലെ പുതിയ അറിയിപ്പുമായി പ്രമുഖ ബ്രാൻഡ്
ദോഹ: ഫിഫ ലോകകപ്പ് തുടങ്ങാൻ രണ്ടുദിവസം മാത്രം ശേഷിക്കെ മത്സരം നടക്കുന്ന എട്ട് സ്റ്റേഡിയങ്ങൾക്കുള്ളിൽ ഖത്തർ മദ്യം നിരോധിച്ചത് ഏറെ ചർച്ചയായിരുന്നു. സ്റ്റേഡിയത്തിനുള്ളിലും പരിസരത്തുമായി മിതമായ എണ്ണത്തിൽ ബിയർ സ്റ്റാളുകൾ അനുവദിക്കുമെന്ന് അറിയിച്ചിരുന്നതിന് പിന്നാലെയാണ് ടൂറിസ്റ്റുകൾക്ക് തിരിച്ചടിയായ തീരുമാനമുണ്ടായത്. ഇപ്പോഴിതാ ലോകകപ്പിന്റെ സ്പോൺസർമാരിൽ ഒരാളും അന്താരാഷ്ട്ര ബിയർ കമ്പനിയുമായ ബഡ്വെയ്സർ പുത്തൻ അറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്
പുതിയ ദിവസം, പുതിയ ട്വീറ്റ്, ജയിക്കുന്ന രാജ്യത്തിന് ബഡ്സ് സ്വന്തമാക്കാം. ആർക്കായിരിക്കും ഇത് ലഭിക്കുന്നത്’? എന്ന അടിക്കുറിപ്പോടെ ബഡ്വെയ്സർ പങ്കുവച്ച ട്വീറ്റ് വൈറലാവുകയാണ്. ലോകകപ്പിനായി ഒരുക്കിയ അധികമദ്യം മുഴുവനും ജയിക്കുന്ന രാജ്യത്തിന് നൽകുമെന്ന പ്രഖ്യാപനമാണ് ബഡ്വെയ്സർ നടത്തിയിരിക്കുന്നത്.
ലോകകപ്പിന്റെ ആതിഥേയരായ ഖത്തറുമായി ആലോചിച്ചാണ് മദ്യത്തിന് വിലക്കേർപ്പെടുത്തിയതെന്നായിരുന്നു സ്റ്റേഡിയത്തിനുള്ളിലെ മദ്യനിരോധനവുമായി ബന്ധപ്പെട്ട് ഫിഫ നൽകിയ വിശദീകരണം. എന്നാൽ ഖത്തറിലെ രാജകുടുംബത്തിന്റെ ഇടപെടലാണ് തീരുമാനത്തിന് കാരണമെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകകപ്പിലെ മദ്യനിരോധനത്തിൽ പ്രതിഷേധിച്ച് സ്റ്റേഡിയത്തിനുള്ളിൽ ആരാധകർ ബിയർ വേണമെന്ന് മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം ഏറെ വൈറലായിരുന്നു. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇക്വഡോർ തകർപ്പൻ ജയം നേടിയതിന് പിന്നാലെയായിരുന്നു സ്റ്റേഡിയത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ‘ഞങ്ങൾക്ക് ബിയർ വേണം’ ഉറക്കെ ആക്രോശിച്ചാണ് ഇക്വഡോർ ആരാധകർ വിജയം ആഘോഷിച്ചത്.