വാട്സാപ്പിൽ മെസേജ് വന്നാലുടൻ ഫാൻ ഓഫാകും, ടാങ്ക് നിറയുമെന്ന് പറഞ്ഞാലുടൻ അത് സംഭവിക്കും; കൊല്ലത്തെ ഒരു വീട്ടിൽ നടക്കുന്നത് അതിവിചിത്രമായ സംഭവങ്ങൾ
കൊല്ലം: വാട്സാപ്പിൽ മെസേജ് വരുന്നതനുസരിച്ച് വീട്ടിൽ കാര്യങ്ങൾ സംഭവിക്കുന്നതായി പരാതി. കൊട്ടാരക്കര നെല്ലിക്കുന്നത്തെ ഇലക്ട്രീഷ്യനായ രാജന്റെ വീട്ടിലാണ് അതിവിചിത്രമായ ഈ സംഭവം നടക്കുന്നത്. സൈബർ സെല്ലിലും പൊലീസിലും പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ ഏഴ് മാസമായി രാജന്റെ ഭാര്യ വിലാസിനിയുടെ നമ്പറിൽ നിന്ന് അവരറിയാതെ മകൾ സജിതയുടെ ഫോണിലേയ്ക്ക് വാട്സാപ്പിൽ സന്ദേശം വരുന്നുണ്ട്. സന്ദേശത്തിൽ എന്താണോ പറയുന്നത് അത് ഉടൻ സംഭവിക്കും. ആദ്യം സ്വിച്ച് ബോർഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിക്കാൻ തുടങ്ങി. ഇലക്ട്രീഷ്യനായിട്ടൂകൂടി തന്റെ വീട്ടിൽ നിരന്തരമായി സ്വിച്ച് ബോർഡും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ടെന്ന് മനസിലാക്കാൻ രാജന് കഴിഞ്ഞിട്ടില്ല. നിലവിൽ ഇവരുടെ വീട്ടിലെ വൈദ്യുത സ്വിച്ച് ബോർഡുകൾ എല്ലാംതന്നെ ഇളക്കിയിട്ടിരിക്കുകയാണ്.
ഫാൻ ഓഫാകും എന്ന് മെസേജ് വന്നാലുടൻ ഫാൻ ഓഫാകും. ടാങ്ക് നിറഞ്ഞ് വെള്ളം പോകും എന്ന് പറഞ്ഞതിന് പിന്നാലെ അങ്ങനെ സംഭവിച്ചു എന്നുമാണ് സജിത പറയുന്നത്. ഇവരുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് സൈബർ സെൽ അറിയിച്ചത്. എന്നാൽ മറ്റ് കാര്യങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നത് വ്യക്തമല്ല.