കലോത്സവത്തിന് പോയ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവം; സ്കൂൾ പ്രിൻസിപ്പൽ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ
എറണാകുളം: കലോത്സവത്തിൽ പങ്കെടുക്കാൻ പോയ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ 43 വയസുകാരനായ അദ്ധ്യാപകൻ പീഡിപ്പിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പൽ ശിവകല, അദ്ധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. അദ്ധ്യാപകനായ കിരൺ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന് അറിഞ്ഞിട്ടും വിവരം മറച്ചുവച്ചതിനാണ് നടപടി. കഴിഞ്ഞ ദിവസം നാഗർകോവിൽ നിന്ന് അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഒളിസങ്കേതം തമിഴ്നാട് സ്പെഷൽ ബ്രാഞ്ചിന്റെ സഹായത്തോടെ കണ്ടെത്തിയാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.16 നായിരുന്നു കേസിനാസ്പദമായ സംഭവം. ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അദ്ധ്യാപകനോടൊപ്പം പോയ കുട്ടി രാത്രി എട്ടുമണിയോടെ മടങ്ങിവരവേ അതിക്രമത്തിന് വിധേയയായെന്നാണു കേസ്. നിർദ്ധന മാതാപിതാക്കൾക്ക് കുട്ടിയെ കലോത്സവത്തിന് എത്തിക്കാൻ മാർഗമില്ലാതെ വന്ന സാഹചര്യം മുതലെടുത്ത് ഇയാൾ ബൈക്കിൽ കുട്ടിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.സംഭവം തൊട്ടടുത്ത ദിവസം അദ്ധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും പൊലീസിനെ അറിയിക്കാതെ മൂടിവയ്ക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ് വിദ്യാർത്ഥികൾ സമരം ചെയ്തതോടെ അദ്ധ്യാപകൻ രക്ഷപ്പെടുകയായിരുന്നു. സഹപാഠികളോട് വിദ്യാർത്ഥിനി വിവരം പറഞ്ഞതോടെയാണ് വിവരം പൊലീസ് അറിഞ്ഞതും കേസ് എടുത്തും. പട്ടിമറ്റത്ത് സമാനമായ മറ്റൊരു പീഡനക്കേസിലും കിരണിനെതിരെ പരാതിയുണ്ട്.