മകളെ അച്ഛൻ വെടിവച്ചു കൊന്നു, അമ്മ വൃത്തിയായി പാക്ക് ചെയ്തു ട്രോളി ബാഗിലാക്കി, ജാതി തലയ്ക്ക് പിടിച്ച മാതാപിതാക്കൾ 25കാരിയെ കൊന്നുതള്ളിയത് അതിക്രൂരമായി
ന്യൂഡൽഹി: അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന് മകളെ വെടിവച്ച് കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. ഡൽഹി ബദർപൂർ സ്വദേശി ആയുഷി ചൗധരിയെ (22) വെടിവച്ച് കൊന്ന കേസിലാണ് പിതാവ് നിതേഷ് യാദവും ഭാര്യയും അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഥുരയിലെ യമുന എക്സ്പ്രസ് വേക്ക് സമീപം തൊഴിലാളികൾ ചുവന്ന വലിയ സ്യൂട്ട്കേസിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ ആയുഷിയുടെ മൃതദേഹം കണ്ടെത്തിയത്. ഡൽഹിയിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർത്ഥിയായ ആയുഷി വീട്ടുകാരോട് പറയാതെ അന്യ ജാതിയിൽപ്പെട്ട ഛത്രപാൽ എന്നയാളെ വിവാഹം കഴിച്ചതാണ് കൊലയ്ക്ക് കാരണം. മകൾ പതിവായി വൈകി വരുന്നതിന്റെ കാരണം തിരക്കിയ നിതേഷ് വിവാഹക്കാര്യം അറിഞ്ഞതോടെ കൊലപ്പെടുത്തുകയായിരുന്നു.
അച്ഛന്റെ ഉന്നം അമ്മയുടെ പാക്കിംഗ്
നിതേഷ് യാദവ് തന്റെ ലൈസൻസുള്ള തോക്കാണ് കൃത്യത്തിനുപയോഗിച്ചത്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് നവംബർ 17നാണ് തോക്കുപയോഗിച്ച് ആയുഷിയെ പിതാവ് രണ്ട് വട്ടം വെടിവച്ചത്. ഇതിനുശേഷം 12 മണിക്കൂറോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. തുടർന്ന് നിതേഷും ഭാര്യയും രാത്രി വരെ കാത്തിരുന്ന ശേഷം മൃതദേഹം ഒരു സ്യൂട്ട്കേസിൽ പൊതിഞ്ഞ് മഥുരയിൽ ഉപേക്ഷിക്കുയായിരുന്നു. കൊലപാതകത്തെ കുറിച്ച് യുവതിയുടെ സഹോദരനും അറിയാമായിരുന്നു.
പൊലീസ് കണ്ടെടുത്ത മൃതദേഹത്തിന്റെ മുഖത്തും തലയിലും ശരീരമാസകലവും മുറിവുകളുമുണ്ടായിരുന്നു. അജ്ഞാത മൃതദേഹം എന്ന നിലയിൽ പൊലീസ് ഡൽഹിയിൽ അടക്കം പോസ്റ്ററുകൾ പതിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരിച്ചത് ആയുഷിയാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം തിരിച്ചറിയാൻ എത്തിയ നിതേഷിന്റെ സംസാരത്തിൽ പന്തികേട് തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ സത്യം വെളിപ്പെടുത്തുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതോടെ മകളെ താൻ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. മകളുടെ പിടിവാശിയും അനുസരക്കേടും സഹിക്കാതെ ചെയ്തതാണെന്നും കുറ്റസമ്മതം നടത്തി. അന്വേഷണത്തിനിടെ ആയുഷിയെ കുറിച്ചുള്ള ഒരു അജ്ഞാത സന്ദേശം ലഭിച്ചതും പൊലീസിന് പിടിവള്ളിയായി.