കൊച്ചിയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
കൊച്ചി: മൂവാറ്റുപുഴയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരു മരണം. ഇന്ന് രാവിലെ ഒൻപത് മണിയോടെ മൂവാറ്റുപുഴ തൊടുപുഴ റോഡിൽ നിർമല കോളേജിന് സമീപമാണ് അപകടം നടന്നത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൊടുപുഴ അൽ അസർ കോളേജിലെ വിദ്യാർത്ഥികളായ ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന് പിന്നാലെ ഫയർ ഫോഴ്സ് അടക്കമെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപിയാണ് മരിച്ചത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരുടെ നില ഗുരുതരമായിരുന്നെങ്കിലും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.