പത്ത് ദിവസത്തിനിടെ സൗദിയിൽ തലയറുത്ത് കൊന്നത് 12 പേരെ; വധശിക്ഷയ്ക്ക് വിധേയരായവരിൽ പാകിസ്ഥാനികളും
റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസിൽപ്പെട്ട 12 പ്രതികളെ വാളുകൊണ്ട് തലവെട്ടി കൊന്നതായി റിപ്പോർട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് 12പേർക്ക് വധശിക്ഷ നടപ്പാക്കിയത്. ഇവരിൽ മൂന്ന് പാകിസ്ഥാനികളും നാല് സിറിയക്കാരും രണ്ട് ജോർദാനികളും മൂന്ന് സൗദികളും ഉൾപ്പെടുന്നതായി ചില വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇക്കഴിഞ്ഞ മാർച്ചിൽ കുറ്റക്കാരായ 81പേരെ സൗദി വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. സൗദി അറേബ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ട വധശിക്ഷയായിരുന്നു അത്. കൊലപാതകം, തീവ്രവാദം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരായിരുന്നു ഇവർ.
കൊലപാതകം, നരഹത്യ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ മാത്രമേ വധശിക്ഷയ്ക്ക് വിധേയരാക്കൂ എന്ന് 2018ൽ സൗദി ഭരണകൂടം പ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതികളെ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയരാക്കുന്നത്.