ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആന്‍ഡമാനിലടക്കം ഒളിവുജീവിതം, പിടിയില്‍
സ്കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശാരീരികമായി പീഡിപ്പിച്ചശേഷം കുട്ടിയെ ചാലക്കുടി റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ജിന്റോ കുര്യൻ
കിഴക്കമ്പലം: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയില്‍. തൃശ്ശൂര്‍ ആളൂര്‍ വെള്ളാച്ചിറ പാറക്കല്‍ ഞാറലേലി വീട്ടില്‍ ജിന്റോ കുര്യനെ (36) യാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. 2015-ലാണ് സംഭവം. സ്കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശാരീരികമായി പീഡിപ്പിച്ചശേഷം കുട്ടിയെ ചാലക്കുടി റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
അന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സമയത്ത് കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാല്‍, ഇതിനിടെ ജാമ്യം ലഭിച്ച പ്രതി ഒളിവില്‍പ്പോവുകയായിരുന്നു.
പ്രതിയെ പിടിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ഒളിവില്‍ക്കഴിഞ്ഞ പ്രതിയെ വയനാട്ടിലെ കല്‍പ്പറ്റയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഒരു മാസമായി അലുമിനിയം ഫാബ്രിക്കേറ്ററായി കഴിയുകയായിരുന്നു. ഇവിടെ നിന്നും ബെംഗളൂരുവിലേക്ക് കടക്കാനുള്ള തയാറെടുപ്പിനിടയിലാണ് പിടിയിലായത്.
പെരുമ്പാവൂര്‍ എ.എസ്.പി. അനൂജ് പലിവാലിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ. വി.എം. കേഴ്സന്‍, സബ് ഇന്‍സ്പെക്ടര്‍ ഒ.വി. സാജന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.ആര്. ജയന്, പി.എം. ഷമീര്‍, മാഹിന്‍ ഷാ, സി.പി.ഒ. ബോബി ടി. ഏല്യാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.