കലോത്സവം കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസ്; ഒളിവില്‍പോയ അധ്യാപകന് പിടിയില്‍
വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയും അധ്യാപകന്റെ ഇരുചക്രവാഹനവും സ്കൂള്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുമൊക്കെ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. എന്നിട്ടും സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചില്ല.
കൊച്ചി: കലോത്സവം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് കസ്റ്റഡിയില്‍. പട്ടിമറ്റം സ്വദേശിയായ കിരണ്‍ എന്‍. തരുണിനെയാണ് തൃപ്പുണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോക്സോ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍നിന്നാണ് പോലീസ് പിടികൂടിയത്.
എറണാകുളത്ത് ബസ് പണിമുടക്ക് നടന്ന ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കലോത്സവത്തില്‍ പങ്കെടുപ്പിച്ച ശേഷം തിരിച്ച് വീട്ടില്‍ കുട്ടിയെ എത്തിച്ചുകൊള്ളാം എന്ന അധ്യാപകന്റെ ഉറപ്പിലാണ് വിദ്യാര്‍ഥിനിയെ വീട്ടുകാര്‍ അയച്ചത്. തിരിച്ചു വരുംവഴിയാണ് വാഹനത്തിലായിരുന്ന അധ്യാപകന് വിദ്യാര്‍ഥിനിയെ ശാരീരികമായി പീഡിപ്പിച്ചത്.
ഇക്കാര്യം വിദ്യാര്‍ഥിനി സ്കൂളില്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. വിവരം അറിഞ്ഞ മറ്റ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയും അധ്യാപകന്റെ ഇരുചക്രവാഹനവും സ്കൂള്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുമൊക്കെ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. എന്നിട്ടും സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചില്ല. വിദ്യാര്‍ഥിനിയെ കൗണ്‍സിലിങ് നടത്തിയ ഗസ്റ്റ് അധ്യാപികയുടെ മൊഴി പ്രകാരമാണ് പിന്നീട് പോലീസ് കേസെടുത്തത്. ഇതിനിടെ അധ്യാപകന് ഒളിവില്‍പോയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ നാഗര്‍കോവിലില്‍നിന്ന് പിടികൂടിയത്.