ഭോപ്പാൽ: പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്രസർക്കാരും ബിജെപിയും മുന്നോട്ട് പോകവെ പാർട്ടിയെ പ്രതിരോധത്തിലാക്കി മധ്യപ്രദേശിലെ ബിജെപി എംഎൽഎ. കേന്ദ്രസർക്കാർ നടപ്പാക്കിയ നിയമത്തിനെതിരെ രാജ്യത്തെ സ്ത്രീകളും യുവാക്കളും തെരുവിൽ പ്രതിഷേധവുമായി മുന്നോട്ട് പോകവെയാണ് ബിജെപി കേന്ദ്രത്തിൽ നിന്നുതന്നെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. പൗരത്വ നിയമത്തിൽ പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിൽ വിവിധ നേതാക്കൾക്കും പ്രതിഷേധമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.വീടുവീടാന്തരം കയറി ബിജെപി നേതാക്കൾ നിയമത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് മധ്യപ്രദേശിലെ ബിജെപി നേതാവും എംഎൽഎയുമായ നാരായൺ ത്രിപാഠി തന്റെ എതിർപ്പ് പരസ്യമാക്കിയിരിക്കുന്നത്. മതത്തിന്റെ പേരിൽ വിഭജനം പാടില്ലെന്നും പുതിയ നിയമത്തിന്റെ പേരിൽ രാജ്യത്തെ മുസ്ലീം ജനത സ്വയം അകലം പാലിക്കുകയാണെന്നുമാണ് ത്രിപാഠി പറയുന്നത്.ഇന്ത്യ മതേതര രാജ്യമാണെന്നും മതത്തിന്റെ പേരിൽ വിഭജനം പാടില്ലെന്നും പറഞ്ഞ നാരായൺ ത്രിപാഠി രൂക്ഷ വിമർശനമാണ് ബിജെപി നേതൃത്വത്തിനെതിരെ ഉയർത്തുന്നത്. ‘രാജ്യത്ത് തൊഴിൽ, വികസനം തുടങ്ങി ചർച്ച ചെയ്യപ്പെടേണ്ട ധാരാളം വിഷയങ്ങളുണ്ട്. ഒന്നുകിൽ നിങ്ങൾ അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയിൽ വിശ്വസിക്കണം. ഇനി വിശ്വസിക്കുന്നില്ലെങ്കിൽ അത് ഉപേക്ഷിക്കണമെന്ന് ത്രിപാഠി പറഞ്ഞു.ആധാർ കാർഡ് ലഭിക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് സംസാരിച്ച ത്രിപാഠി താൻ ഒരു ഗ്രാമത്തിൽ നിന്നാണ് വരുന്നതെന്നും ജനങ്ങൾക്ക് പൗരത്വം തെളിയിക്കാനുള്ള രേഖകൾ ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും പറഞ്ഞു. വസുധൈവ കുടുംബം എന്നാണ് നമ്മൾ പറയുന്നത് പക്ഷേ പുതിയ നിയമ പ്രകാരം ഓരോ ഗ്രാമത്തിലെയും ഓരോ വിഭാഗത്തെ വേർതിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നും പൗരത്വ നിയമത്തെ എതിർക്കുക തന്നെ ചെയ്യുമെന്നും ബിജെപി എംഎൽഎ പറയുന്നു.പൗരത്വ നിയമത്തെ എതിർക്കുന്നുണ്ടെങ്കിലും പാർട്ടിയുമായി തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതെസമയം സിഎഎക്കെതിരെ ബിജെപി നേതാവ് രംഗത്തെത്തിയത് പ്രതിപക്ഷവും ആയുധമാക്കിയതോടെ ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങൾ പ്രതിരോധത്തിലായിരിക്കുകയാണ്. സിഎഎ വിശദീകരണവുമായി രംഗത്തിറങ്ങിയ പാർട്ടിക്ക് തങ്ങളുടെ നേതാക്കളെ തന്നെ വാദങ്ങൾ ബോധിപ്പിക്കാൻ കഴിയുന്നില്ലേയെന്ന ചോദ്യമാണ് ഉയരുന്നത്. രാജ്യത്തിനെതിരായ ഗൂഢാലോചനകൾ ഫലം കാണില്ലെന്ന് ബിജെപി ഇനിയെങ്കിലും മനസിലാക്കണമെന്ന് കോൺഗ്രസ് വക്താവ് ജെപി ധനോപിയയും പറഞ്ഞു.