ഉദുമ പീഡനക്കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ;ബാക്കി പ്രതികൾക്കെതിരെ ലുക് ഔട് നോടീസ്
ഉദുമ: 18 ഓളം പേർ ചേർന്ന് 25 കാരിയായ ഭർതൃമതിയെ വർഷങ്ങളോളം പീഡിപ്പിച്ചെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. 20 പീഡനക്കേസുകളിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗശാദി (32) നെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ അടച്ചു.
ഇനി 14 ഓളം പേർ കേസിൽ പിടിയിലാവാനുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കാസർകോട് വാർത്തയോട് പറഞ്ഞു. ഇവർക്കായി ലുക് ഔട് നോടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇരയായ യുവതിയുടെ ഹർജിയിൽ ഹൈകോടതി നിർദേശ പ്രകാരം കണ്ണൂർ റേൻജ് ഡിഐജിയുടെ കീഴിൽ കണ്ണൂർ സിറ്റി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെവി ബാബുവിന്റെ മേൽനോട്ടത്തിൽ ആലക്കോട് സിഐ എംപി വിനീഷ് കുമാർ, സ്ക്വാഡ് അംഗങ്ങളായ എസ്ഐ എം പ്രകാശൻ, രതീഷ് കുന്നൂൽ എന്നിവർ ഉൾപെട്ട പ്രത്യേക സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്.
പീഡനക്കേസുമായി ബന്ധപ്പെട്ട് പ്രതിയായിരുന്ന യുവാവിന്റെ കാൽ തല്ലിയോടിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത വധ ശ്രമക്കേസിൽ ബേക്കല് പൊലീസ് സ്റ്റേഷന് പരിധിയിലെ ജുനൈദ് (28), ഇരയുടെ ബന്ധുവായ 35 കാരനായ യുവാവ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
20 പീഡനക്കേസുകളും ഒരു വധശ്രമക്കേസും അടക്കം 21 കേസുകളാണ് സംഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2020 സെപ്തംബറിലാണ് ഭർത്താവിന്റെ സുഹൃത്തുക്കളായ 18 പേർ ബ്ലാക്മെയിൽ ചെയ്ത് പലതവണയായി യുവതിയെ പീഡിപ്പിച്ചെന്ന കേസ് രജിസ്റ്റർ ചെയ്തത്. പീഡനക്കേസിൽ ഇരയുടെ ഭർത്താവിന്റെ ബന്ധുക്കളായ രണ്ട് യുവാക്കളും പ്രതികളായി ഉൾപ്പെട്ടിട്ടുണ്ട്.