യുപിയില്‍ മുന്‍കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റിലിട്ടു; യുവാവ് അറസ്റ്റില്‍
തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പക മൂലമാണ് കൊല ചെയ്തതെന്നും ഇയാള്‍ പോലീസിന് മൊഴി നല്കി.
അസംഗഡ്: ഡല്‍ഹിയിലെ ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്നേ, രാജ്യത്തെ നടുക്കുന്ന മറ്റൊരു അരുംകൊല കൂടി. ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് മുന്‍കാമുകന്റെ കൊടുംക്രൂരതയ്ക്ക് ഇരുപത്തിരണ്ടുകാരി ഇരയായത്. ഉത്തര്‍പ്രദേശുകാരിയായ ആരാധനാ പ്രജാപതിയുടെ ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. സംഭവത്തില്‍ ആരാധനയുടെ മുന്കാമുകന് പ്രിന്‍സ് യാദവിനെ (24) പോലീസ് അറസ്റ്റു ചെയ്തു.
നവംബര്‍ 16 നാണ് ഉത്തര്‍പ്രദേശിലെ പശ്ചിംപട്ടി ഗ്രാമത്തിലുള്ള കിണറിൽ നിന്ന് യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നത്. നവംബര്‍ 10 മുതല്‍ ആരാധനയെ കാണാനില്ലെന്ന പരാതിയിന്മേല് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അന്നുമുതല്‍ സംശയിക്കപ്പെടുന്നവരുടെ മുന്‍നിരയില്‍ പ്രിന്‍സിന്റെ പേരുണ്ടായിരുന്നു. തുടര്‍ന്നാണ് പശ്ചിംപട്ടില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്ന് ആരാധനയുടെ മുറിച്ചുമാറ്റിയ തലഭാഗവും കണ്ടെത്തിയത്. നവംബര്‍ 19 നു നടത്തിയ ചോദ്യം ചെയ്യലിലാണ് ആരാധനയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് പ്രിന്‍സ് സമ്മതിച്ചത്. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പക മൂലമാണ് കൊല ചെയ്തതെന്നും ഇയാള്‍ പോലീസിന് മൊഴി നല്കി.
പ്രിന്‍സും ആരാധനയുമായി രണ്ടുവര്‍ഷം നീണ്ട പ്രണയമായിരുന്നു. അതിനുശേഷം, ഈ ഫെബ്രുവരിയിലാണ് ആരാധന മറ്റൊരാളെ വിവാഹം കഴിച്ചത്. വിവാഹസമയം വിദേശത്തായിരുന്ന ഇയാള്‍ വിവരമറിഞ്ഞ് പ്രകോപിതനാവുകയും ഉടന്‍ തന്നെ നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. വിവാഹത്തില്‍നിന്നു പിന്മാറാന് ഇയാള്‍ ആരാധനയെ വല്ലാതെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ആരാധന വഴങ്ങിയില്ല. തുടർന്ന് നവംബർ പത്തിന് അമ്പലത്തില്‍ പോകാനെന്ന വ്യാജേന ആരാധനയെ പുറത്തുകൊണ്ടുപോയ പ്രതി ഒരു വയലിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ശരീരം ആറു കഷണങ്ങളായി മുറിച്ച് ശരീരഭാഗങ്ങൾ കിണറ്റിലും തല കുളത്തിലും ഉപേക്ഷിക്കുകയായിരുന്നു. ഒപ്പം വസ്ത്രങ്ങളും കിണറ്റില്‍ തള്ളി. വെട്ടിക്കൊല്ലാനുപയോഗിച്ച ആയുധം കുളത്തിൽ നിന്ന് കണ്ടെടുത്തതായി അസംഗഡ് എസ്.പി. അനുരാഗ് ആര്യ പറഞ്ഞു.
പ്രിന്‍സിന്റെ അമ്മാവന്റെ വീടിനടുത്താണ് കൊലപാതകം നടത്തിയത്. തന്റെ ബന്ധുവായ സാര്വ്വേഷിന്റെ സഹായത്തോടെയാണ് ആരാധനയുടെ ശരീരം വെട്ടിനുറുക്കിയതെന്ന് പ്രിന്‍സ് പോലീസിനോട് പറഞ്ഞു. ആളെ തിരിച്ചറിയാതിരിക്കാനാണ് ശരീരം വെട്ടിനുറുക്കിയതെന്നും ഇയാള്‍ പറഞ്ഞു. കൊലപാതകത്തില്‍ പ്രിന്‍സിന്റെ മാതാപിതാക്കള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും പങ്കുണ്ടെന്നുള്ള ആരോപണങ്ങളുമുണ്ട്. കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും കൂട്ടുനിന്നുവെന്ന് സംശയിക്കപ്പെടുന്ന എട്ട് പേരെക്കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്.പി. കൂട്ടിച്ചേര്‍ത്തു. സാര്വ്വേഷിനെ കണ്ടെത്തുന്നവര്‍ക്ക് 25,000 രൂപ പ്രതിഫലവും പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.