അറുപത്തിയെട്ടുകാരനെ പ്രണയം നടിച്ച് ഇടയ്ക്കിടെ വിളിച്ചുവരുത്തി അടുത്തിടപഴകി, എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്ത് ഭർത്താവ്; ഹണിട്രാപ്പിലൂടെ വ്ലോഗർ കവർന്നത് ലക്ഷങ്ങൾ
മലപ്പുറം: അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ വ്ളോഗറും ഭർത്താവും പിടിയിൽ. വ്ളോഗർ റാഷിദ (28), ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദ് എന്നിവരെയാണ് കൽപകഞ്ചേരി പൊലീസ് പിടികൂടിയത്
ഹണിട്രാപ്പിലൂടെ അറുപത്തിയെട്ടുകാരനിൽ നിന്ന് ഇരുപത്തിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ദമ്പതികൾക്കെതിരെയുള്ള കേസ്. ഉന്നത സ്വാധീനമുള്ള കൽപകഞ്ചേരി സ്വദേശിയായ വയോധികനുമായി റഷീദ ബന്ധം സ്ഥാപിക്കുകയായിരുന്നു. പ്രണയത്തിൽ വീഴ്ത്തിയ ശേഷം ഇടയ്ക്കിടെ ക്ഷണിച്ചുവരുത്തി അടുത്തിടപെട്ടു. എല്ലാത്തിനും സൗകര്യം ഒരുക്കിക്കൊടുത്തതാകട്ടെ നിഷാദും.
ഭർത്താവ് ഒരു ബിസിനസ് തുടങ്ങാൻ പോകുകയാണെന്നും സഹായിക്കണമെന്നും പറഞ്ഞാണ് യുവതി അറുപത്തിയെട്ടുകാരനോട് പണം ആവശ്യപ്പെട്ടുതുടങ്ങിയത്. പിന്നീട് ബന്ധം പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങാനും തുടങ്ങി. വയോധികന്റെ പണം നഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാക്കിയ വീട്ടുകാർ കാര്യം തിരക്കുകയായിരുന്നു. ഇതോടെയാണ് ഹണിട്രാപ്പിനെക്കുറിച്ച് മനസിലായത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.