മംഗളൂരു സ്ഫോടനം; തീവ്രവാദ ബന്ധമുളള ഷാരീഖിന്റെ വീട്ടിൽ പരിശോധന നടത്തി പൊലീസ്
മംഗളൂരു: കർണാടകയിൽ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റയാളുടെ വീട്ടിൽ പരിശോധന നടത്തി പൊലീസ്. പ്രാഥമികാന്വേഷണത്തിൽ ഇയാൾക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശിവമോഗയിലെ ഷാരീഖിന്റെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.ഓട്ടോറിക്ഷാ യാത്രക്കാരനായിരുന്നു ഷാരീഖ് തീവ്രത കുറഞ്ഞ സ്ഫോടകശക്തിയുളള വസ്തുവാണ് കൈയിൽ കരുതിയിരുന്നത്. പ്രഷർ കുക്കറിനുളളിൽ ബോംബ് ഘടിപ്പിച്ചതാണെന്നാണ് ലഭ്യമായ സൂചനകളിൽ നിന്നും മനസിലാകുന്നത്. ശനിയാഴ്ച വൈകുന്നേരം കങ്കനാടി എന്ന സ്ഥലത്തുവച്ചാണ് ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ തീപിടിച്ച ശേഷം പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനായ ഷാരീഖിനും ഗുരുതര പരിക്കേറ്റു. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഷാരീഖിൽ നിന്നും മൊഴി സ്വീകരിക്കാവുന്ന തരത്തിലല്ല ആരോഗ്യാവസ്ഥയെന്നാണ് വിവരം.ഷാരീഖിന്റെ പക്കൽ നിന്നും മറ്റൊരാളുടെ ആധാർ കാർഡ് ലഭിച്ചു. എന്നാൽ കാർഡ് തന്റെ പക്കൽ നിന്നും നഷ്ടപ്പെട്ടതാണെന്നും പകരം പുതിയതെടുത്തതായും കാർഡുടമ അറിയിച്ചു. ഇതോടെ കാർഡ് ആക്രമണം അടക്കം വലിയ ഏതോ പ്രവർത്തനത്തിനായി ഇയാൾ കരുതിയിരുന്നതായാണ് സംശയിക്കുന്നത്. ഇയാൾ ഉപയോഗിച്ചിരുന്ന ,സിം കാർഡും സ്വന്തം പേരിലുളളതായിരുന്നില്ല എന്നാണ് പൊലീസ് അറിയിച്ചത്.