കൊച്ചിയിൽ പിടിയിലായ ഡിമ്പിൾ ലാംബയ്ക്ക് പെൺവാണിഭ സംഘങ്ങളുമായി ബന്ധം, പരസ്യം നൽകുന്നത് ഫോട്ടോ നൽകി, പെൺകുട്ടികളെ എത്തിക്കുന്നത് മോഡലിംഗിന്റെ മറവിൽ
കൊച്ചി: ഒരു ഇടവേളയ്ക്കുശേഷം കൊച്ചി വീണ്ടും പെൺവാണിഭ സംഘങ്ങളുടെ കേന്ദ്രമാവുന്നു. ലഹരി, ഡി ജെ പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിലാണ് കൊച്ചിയിൽ പെൺവാണിഭം തഴച്ചുവളരുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. മോഡലുകൾ എന്ന വ്യാജേനയാണ് വാണിഭ സംഘങ്ങൾ പെൺകുട്ടികളെ എത്തിക്കുന്നത്. മോഡലായ പത്തൊമ്പതുകാരി കൊച്ചിയിൽ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അറസ്റ്റിലായവരും ഇത്തരം സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് കരുതുന്നത്. പിടിയിലായവരുടെ മൊബൈൽഫോണുകളിൽ നിന്ന് ഇതുസംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.
അന്യസംസ്ഥാനങ്ങളിൽ നിന്നാണ് പെൺവാണിഭ സംഘങ്ങൾ പ്രധാനമായി പെൺകുട്ടികളെ എത്തിക്കുന്നത്. കൂടുതൽ യുവതികളെയും ചതിയിൽപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നത്. മോഡലിംഗിൽ വൻ അവസരങ്ങളാണ് പെൺകുട്ടികൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ആകൃഷ്ടരായി എത്തുന്നവരെ ഭീഷണിപ്പെടുത്തിയും മറ്റും ലഹരി, ഡി ജെ പാർട്ടികൾക്കെത്തിച്ച് ആവശ്യക്കാർക്ക് കൈമാറുന്നതാണ് രീതി. കൂട്ട ബലാത്സംഗ കേസിൽ അറസ്റ്റിലായ യുവാക്കൾ കേസിലെ ഒരു പ്രതി ഡോളി എന്നറിയപ്പെടുന്ന ഡിമ്പിൾ ലാംബയെ ഫോണിൽ വിളിച്ച് പാർട്ടിയിൽ പങ്കെടുക്കണമെന്നും ഇതിനായി യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു.ഇതോടെയാണ് സംഭവം ആസൂത്രിതമാണെന്ന് വ്യക്തമായത്.
ഡിമ്പിൾ കൊച്ചിയിലെ വിവിധ ഇടങ്ങളിൽ ലഹരി പാർട്ടികൾ നടത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ഫാഷൻഷോകളിലും ഡിമ്പിൾ പങ്കെടുത്തിരുന്നു. ചില ഫാഷൻഷോകളിൽ ഡിമ്പിളിന്റെ ചിത്രം നൽകിയാണ് പരസ്യം ചെയ്തിരുന്നത്. ആളെ കൂട്ടാനാിയരുന്നു ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോർട്ട്. കൂട്ടബലാത്സംഗ കേസിലെ പ്രതികളായ കൊടുങ്ങല്ലൂർ സ്വദേശി വിവേക്(26), നിധിൻ(25), സുധീപ്(27) എന്നിവരെ ഡിമ്പിളിന് നേരത്തേ തന്നെ പരിചയമുണ്ടായിരുന്നു. വിവേകും ഡിമ്പിളും ഒരുമിച്ച് യാത്രകൾ നടത്തിയതിന്റെ തെളിവുകളും ലഭിച്ചു.പാർട്ടിയിലേക്ക് തന്നെ നിർബന്ധിച്ച് കൊണ്ടുപോയത് ഡിമ്പിളാണെന്നും പാർട്ടിക്കിടെ ബിയറിൽ എന്തോ പൊടി കലർത്തി നൽകിയെന്നും മോഡൽ മൊഴി നൽകിയിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്താലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. നാലു പ്രതികളെയും അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം