മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം, ഭാര്യയെ രണ്ടായി മുറിച്ച് വനത്തിൽ കുഴിച്ചിട്ടു; ഭർത്താവ് പിടിയിൽ
ഭോപ്പാൽ: ശ്രദ്ധ വാൾക്കറിന്റെ കൊലപാതകം ഉണ്ടാക്കിയ ഞെട്ടൽ അവസാനിക്കുന്നതിന് മുമ്പ് സമാനമായ മറ്റൊരു കൊലപാതകം കൂടി. മദ്ധ്യപ്രദേശിലെ ഷാഹ്ദോളിലാണ് സംഭവം. യുവാവ് തന്റെ ഭാര്യയെ രണ്ടായി മുറിച്ച ശേഷം ശരീരഭാഗങ്ങൾ വനത്തിൽ വിവിധയിടങ്ങളിലായി കുഴിച്ചിടുകയായിരുന്നു. രാംകിഷോർ എന്നയാളാണ് ഭാര്യ സരസ്വതി പട്ടേലിനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.ഈ മാസം 13നാണ് സഹോദരനെയും ഭാര്യയെയും കാണാനില്ലെന്ന് രാംകിഷോറിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് 15ന് ഗ്രാമത്തിനടുത്തുള്ള വനത്തിൽ നിന്ന് സ്ത്രീയുടെ വസ്ത്രങ്ങൾ കണ്ടെത്തി. അന്വേഷണത്തിൽ ഇത് കാണാതായ സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് വനത്തിൽ നടത്തിയ തെരച്ചിലിൽ തലയും മറ്റ് ശരീരഭാഗങ്ങളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന രാംകിഷോറിനെ നർസിംഗ്പൂരിലെ കരേലി ഏരിയയിൽ വച്ചാണ് പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും തന്നോട് വിശ്വാസ വഞ്ചന നടത്തിയതിനാണ് കൊലപ്പെടുത്തിയതെന്നും രാംകിഷോർ സമ്മതിച്ചു.