ഹോളിവുഡ് ഇതിഹാസത്തോടൊപ്പം ഖത്തർ വേദി കീഴടക്കിയ യുവാവ്; ആരാണ് ഗാനിം അൽ മുഫ്ത?
ദോഹ: അൽ ഖോറിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്നലെ ഖത്തർ ലോകകപ്പിന് തുടക്കമായി. ഖത്തറിന്റെ സംസ്കാരവും തനിമയും വിളിച്ചോതിയ വർണാഭമായ ഉദ്ഘാടന ചടങ്ങ് പാശ്ചാത്യമാദ്ധ്യമങ്ങളുൾപ്പടെ നടത്തുന്ന വിമർശനങ്ങൾക്ക് ചുട്ടമറുപടി കൂടിയായിരുന്നു. ഇതിന് ചുക്കാൻ പിടിച്ച രണ്ടുപേർ ഇപ്പോൾ ഏറെ കയ്യടി നേടുകയാണ്.
ഹോളിവുഡ് ഇതിഹാസതാരം മോർഗൻ ഫ്രീമാനും ഫിഫ ഗുഡ്വിൽ അംബാസഡർ ഗാനിം അൽ മുഫ്തയും ആണ് ലോകശ്രദ്ധ നേടിയ ആ രണ്ടുപേർ. അറബി വേഷത്തിലെത്തിയ ആ വലിയ ചെറിയ മനുഷ്യൻ പങ്കുവച്ച സന്ദേശം വലിയ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. കലാപരിപാടികൾക്കിടെ വേദിയുടെ ഒരു ഭാഗത്തിലൂടെ മോർഗൻ ഫ്രീമാൻ കടന്നുവന്നു. എതിർവശത്തുകൂടെ അരയ്ക്ക് താഴെ വളർച്ച മുരടിച്ച ഗാനിം അൽ മുഫ്തയും. വിവേചനവും വെറുപ്പും മൂലം ലോകമാകെ പടർന്ന കറുത്ത നിഴൽ മായ്ക്കാൻ എന്താണൊരു വഴിയെന്ന് ഫ്രീമാൻ ചോദിച്ചു. ഇതിന് മറുപടിയെന്നോണം ഗാനിം ഖുർആനിലെ ചില ശകലങ്ങൾ പാരായണം ചെയ്തു. മനുഷ്യരെ വ്യത്യസ്ത വിഭാഗക്കാരായി ദൈവം സൃഷ്ടിച്ചത് പരസ്പരം അറിയാനും പഠിക്കാനും അതിലൂടെ ഒന്നാകാനുമാണെന്ന് അർത്ഥം വരുന്ന ഖുർആൻ വാക്യമാണ് ഗാനിം ഓതിയത്. ഇരുവരുടെയും ഈ സംഭാഷണമാണ് ലോകശ്രദ്ധ നേടുന്നത്.
നട്ടെല്ലിന്റെ വളർച്ച ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവരോഗം ബാധിച്ചയാളാണ് ഗാനിം അൽ മുഫ്ത. എന്നാൽ രോഗത്തോട് പൊരുതി സംരംഭകനെന്ന നിലയിലും സോഷ്യൽ ഇൻഫ്ളുവൻസർ എന്ന നിലയിലും പ്രശസ്തനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പോരാട്ടമാണ് ഫിഫ ഗുഡ്വിൽ അംബാസഡർ എന്ന സ്ഥാനത്തെത്തിച്ചത്.
വിവിധ ബ്രാന്‍ഡുകളുടെ അംബാസഡറായ, സമൂഹമാദ്ധ്യമങ്ങളിലെ താരമായ ഗാനിം എന്ന 20 വയസുകാരനെ ഏപ്രില്‍ മാസത്തിലാണ് ഫിഫ വേള്‍ഡ് കപ്പ് അംബാസഡറായി തിരഞ്ഞെടുത്തത്. ഒരു സ്വപ്നവും വലുതല്ലെന്ന് പ്രഖ്യാപിച്ച മുഫ്താഹിനെ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
ഗൾഫിലെ ഏറ്റവും ഉയരം കൂടിയ മലയായ ജെബൽ ഷാംസ് കയറിയ ഗാനിയുടെ ഏറ്റവും വലിയ മോഹം എവറസ്റ്റ് കീഴടക്കണമെന്നതാണ്. ശാരീരികമായ വെല്ലുവിളികളെ അതിജീവിച്ച് സ്കൂബ ഡൈവിംഗ്, സ്കേറ്റിംഗ്ബോര്‍ഡ്, റോക്ക് ക്ലൈംബിംഗ് എന്നിവയും ഗാനിം പരിശീലിച്ചിട്ടുണ്ട്.