നഗരത്തിൽ ഗുണ്ടകളെ വെല്ലും രീതിയിൽ തമ്മിലടിച്ചത് സ്കൂൾ കുട്ടികൾ, കാരണം ഒരു കൈയിടൽ, പത്താം ക്ളാസുകാരന്റെ വീരപുരുഷൻ കൊടും ക്രിമിനൽ
കോട്ടയം. ക്ളാസ് മുറിയിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ട പിണക്കവും വഴക്കും സ്കൂൾ ഗേറ്റും കടന്ന് തെരുവിലേയ്ക്ക് നീളുകയാണ്. സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തെരുവു യുദ്ധമാണിപ്പോൾ നഗരങ്ങളിൽ. കോട്ടയത്തും ഏറ്റുമാനൂരും കുമരകത്തും പാലായിലുമൊക്കെ പതിവായി സ്കൂൾ വിദ്യാർത്ഥികൾ തമ്മിലടിച്ച നിരവധി സംഭവങ്ങളാണുണ്ടായത്.
വിദ്യാർത്ഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടെന്നതിനെ തുടർന്ന് ഏറ്റുമാരിലെ സ്കൂളിലുണ്ടായ തർക്കം അമ്പത് വിദ്യാർത്ഥികൾ സംഘം ചേർന്നുള്ള കൂട്ടയടിയിലേയ്ക്കാണ് മാറിയത്. ഏറ്റുമാനൂർ സ്റ്റാൻഡിലേയ്ക്ക് നീങ്ങിയ കൂട്ടയടി ഒടുവിൽ പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്. കളിയാക്കിയെന്നതിനെ ചൊല്ലിയാണ് കോട്ടയം നഗരത്തിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സമാനമായ വഴക്ക് കുമരകം ടൗണിലേയ്ക്കു നീണ്ടിട്ടും അധികമായില്ല. കൊവിഡ് മൂലം രണ്ട് വർഷത്തോളം വീട്ടിൽ ഒറ്റപ്പെട്ട് കഴിഞ്ഞതും കുട്ടികൾ അക്രമ വാസനയും ആസക്തിയും കൂട്ടിയിട്ടുണ്ടെന്ന് പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. അടുത്തിടെയുണ്ടായ സംഭവങ്ങളിലെല്ലാം പ്രതി സ്ഥാനത്ത് കൗമാരക്കാരാണെന്നതും ശ്രദ്ധേയമാണ്.