ബിഹാറിൽ ഘോഷയാത്രയിൽ പങ്കെടുത്തവർക്കിടയിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറി; കുഞ്ഞുങ്ങളടക്കം 12 പേർക്ക് ദാരുണാന്ത്യം
ഹാജിപൂർ: വിവാഹവുമായ ബന്ധപ്പെട്ട മതാചാരങ്ങളുടെ ഭാഗമായി നടത്തിയ ഘോഷയാത്രയിലേയ്ക്ക് അമിതവേഗത്തിലെത്തിയ ട്രക്കിടിച്ച് കയറി അപകടം. സംഭവത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 12പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബിഹാറിലെ വൈശാലി ജില്ലയിലാണ് അപകടമുണ്ടായത്.തലസ്ഥാനമായ പട്നയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. രാത്രി ഒമ്പത് മണിയോടെ ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനായി റോഡരികിലെ അരയാൽ മരത്തിന് മുന്നിൽ ജനങ്ങൾ ഒത്തുകൂടിയപ്പോഴാണ് ഇവർക്കിടയിലേയ്ക്ക് ട്രക്ക് ഇടിച്ചുകയറിയത്. ഒമ്പതുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മറ്റ് മൂന്നുപേർ മരിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ഹാജിപൂരിലുള്ള സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ ഉൾപ്പെടെ പലരുടെയും നില ഗുരുതരമാണ് 2022അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവും അനുശോചിച്ചു. അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്നും രാഷ്ട്രപതി കുറിച്ചു.