വഖഫ് വിഷയം: പൊതുവേദിയില്‍ ഭിന്നാഭിപ്രായവുമായി സമസ്ത നേതാക്കള്‍
കോഴിക്കോട്: സുന്നി വേദിയിൽ രാഷ്ട്രീയ ചായ്വിനെ ചൊല്ലി സമസ്ത നേതാക്കൾ തമ്മിൽ പരസ്യമായ ഏറ്റുമുട്ടൽ. മുഷാവറ അംഗങ്ങളായ ബഹാവുദ്ദിൻ നദ് വിയും മുക്കം ഉമർ ഫൈസിയുമാണ് സംഘടനയുടെ ഇടത് ചായ്വിനെ ചൊല്ലി ഇടഞ്ഞത്. എസ് കെ എസ് എസ് എഫ് വിശദീകരണയോഗത്തിൽ ബഹാവുദ്ദിൻ നദ് വി വഖഫ് വിഷയത്തെച്ചൊല്ലി സമസ്ത അധ്യക്ഷനെ പരോക്ഷമായി വിമർശിച്ചതാണ് തർക്കത്തിന് തുടക്കമിട്ടത്. തുടർന്ന് സംസാരിച്ച സമസ്തയിലെ ജിഫ്രി തങ്ങൾ പക്ഷപാതിയും ലീഗ് വിരുദ്ധനുമായ മുക്കം ഉമർ ഫൈസി സമസ്തയുടെ നിലപാടിനെ ആരും ചോദ്യം ചെയ്യേണ്ടെന്ന് തുറന്നടിച്ചു.
മുസ്ലീം ലീഗ് തന്നെ ഇടത് പക്ഷത്തേക്ക് നീങ്ങുമ്പോൾ സമസ്തയെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. സമസ്തയെ വിമർശിക്കുന്ന മുസ്ലിം ലീഗ് താമസിയാതെ ഇടത് മുന്നണിയിലെത്തുമെന്നും ഉമർ ഫൈസി പരിഹസിച്ചു. രാഷ്ട്രീയ നിലപാടിനെച്ചൊല്ലി സമസ്തയ്ക്കുള്ളില് രണ്ട് ചേരികൾ രൂപപ്പെട്ടെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ് മുതിർന്ന നേതാക്കളുടെ പൊതുവേദിയിലെ ഏറ്റുമുട്ടൽ. ലീഗിനോട് ഇടഞ്ഞ് ഇടതുമുന്നണിയുമായി അടുപ്പം പുലർത്താൻ സമസ്ത അധ്യക്ഷനടക്കമുള്ളവർ ശ്രമിച്ചതോടെയാണ് ചേരിതിരിവ് ശക്തമായത്.