രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ല, കൂടുതൽ സൗകര്യം ആവശ്യപ്പെട്ടിട്ടില്ല; റോഡിൽ ഓടിക്കാൻ കൊള്ളാത്ത കാർ മാറ്റിത്തരണമെന്ന് പോലും പറഞ്ഞിട്ടില്ലെന്ന് ഗവർണർ
ന്യൂഡൽഹി: അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫിനെ പോലും താൻ നിയമിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്നും മുൻവർഷങ്ങളിലുള്ള അതേ പേഴ്സണൽ സ്റ്റാഫ് മാത്രമാണ് ഇപ്പോഴുമുള്ളതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ പറഞ്ഞു. റോഡിൽ ഓടിക്കാൻ കൊള്ളാത്ത കാർ പോലും മാറ്റിത്തരണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിഷയമാണ് ഇനി താൻ ഏറ്റെടുക്കുന്നതെന്ന് ഗവർണർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, കണ്ണൂർ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിക്കാൻ ശ്രമിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും, സർക്കാരിന്റെ പൊതുരീതിയാണ് ഇതെന്നുവേണം മനസിലാക്കാനെന്നും ഗവർണർ പറഞ്ഞു