വണ്ടിയിൽ കിടത്തി മൂന്നുപേരും ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്തു, പോലീസ് തന്നെ കുറ്റക്കാരിയാക്കാൻ നോക്കുന്നുവെന്ന് കൊച്ചിയിൽ മാനഭംഗത്തിനിരയായ പെൺകുട്ടി
കൊച്ചി: പരാതിക്കാരിയായ തന്നെയാണ് പൊലീസ് കുറ്റക്കാരിയാക്കാൻ നോക്കുന്നതെന്ന് കൊച്ചിയിൽ കൂട്ടമാനഭംഗത്തിനിരയായ പത്തൊൻപതുകാരി. മൊബൈൽ പിടിച്ചുവച്ചിരിക്കുകയാണെന്നും, തരാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നതെന്നും പെൺകുട്ടി പ്രതികരിച്ചു.
”സുഹൃത്തായ ഡോളിക്കൊപ്പം ഭക്ഷണം കഴിക്കാനാണ് കാക്കനാട്ടുള്ള കഫേയിൽ പോയത്. ഡോളിയാണ് പാർട്ടിക്ക് വിളിച്ചത്. അവർക്കൊപ്പമുള്ള യുവാക്കളെ എനിക്ക് അറിയില്ലായിരുന്നു. നിർബന്ധിച്ച് വിളിച്ചതുകൊണ്ടാണ് പാർട്ടിക്ക് പോയത്. ബാറിലാണ് പോയത്. ഡാൻസ് കളിച്ചു. ബിയർ കഴിച്ചതിന് ശേഷമാണ് വീണത്. അതിൽ എന്താണ് ചേർത്തതെന്ന് അറിയില്ല. അവർ എന്നെ എടുത്തുകൊണ്ടുപോയി വണ്ടിയിൽ കിടത്തി. മൂന്നുപേരും ചെയ്യാൻ പാടില്ലാത്തതൊക്കെ വണ്ടിയിൽ വച്ചു ചെയ്തു. എനിക്ക് പ്രതികരിക്കാൻ കഴിയുമായിരുന്നില്ല ആ സമയം. ബോയ് ഫ്രണ്ട് വിളിച്ചപ്പോൾ ഫോൺ ഓണാക്കി വയ്ക്കുകയായിരുന്നു”- പത്തൊൻപതുകാരിയുടെ വാക്കുകൾ.
വ്യാഴാഴ്ച രാത്രി എറണാകുളം അറ്റ്ലാന്റിസിലെ ഹോട്ടലിലാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെ ഡി.ജെ.പാർട്ടി കഴിഞ്ഞ് സുഹൃത്തിനൊപ്പം മദ്യപിച്ചുകൊണ്ടിരിക്കെ യുവതി കുഴഞ്ഞുവീണു. സഹായിക്കാനെത്തിയ യുവാക്കൾ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് രാജസ്ഥാൻകാരിയെ ഒഴിവാക്കി കൊണ്ടുപോയി. പ്രതിയായ വിവേകിന്റെ പുത്തൻ മഹീന്ദ്ര താർ ജീപ്പിൽ നഗരത്തിൽ കറങ്ങി. യാത്രാമദ്ധ്യേ മാറി മാറി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. അർദ്ധരാത്രി യുവതി താമസിച്ചിരുന്ന കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഓയോ റൂമിന് മുന്നിൽ ഇറക്കിവിട്ടു.
യുവതി വിവരം കൂട്ടുകാരിയെ വിളിച്ചുപറഞ്ഞു. ഇന്നലെ രാവിലെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൂട്ടുകാരിയാണ് പൊലീസിനെ അറിയിച്ചത്. ഇൻഫോ പാർക്ക് പൊലീസ് മൊഴിയെടുത്തശേഷം യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
യുവാക്കൾ ബാറിൽ നൽകിയ വിലാസങ്ങൾ വ്യാജമായിരുന്നു. രാജസ്ഥാൻകാരിയെ ചോദ്യം ചെയ്തപ്പോഴാണ് യഥാർത്ഥ വിവരങ്ങൾ ലഭിച്ചത്. കേസ് സൗത്ത് പൊലീസിന് കൈമാറി. താർ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.