ടേക്ക് ഓഫിനിടെ റൺവേയിൽ വിമാനത്തിന് തീപിടിച്ചു; രണ്ട് മരണം
ലിമ: ടേക്ക് ഓഫിനിടെ റൺവേയിൽ വിമാനത്തിന് തീപിടിച്ചു. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ ജോർജ് ചാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുകയായിരുന്ന ലാറ്റം എയർലൈൻസിന്റെ എൽ എ 2213 വിമാനത്തിനാണ് തീപിടിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ രണ്ട് അഗ്നിശമന രക്ഷാ ജീവനക്കാർ മരിച്ചതായി അധികൃതർ അറിയിച്ചു. യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ വ്യക്തമാക്കി.
റൺവേയിൽ എതിർദിശയിൽ കൂടി വരികയായിരുന്ന ഫയർ എഞ്ചിനുമായി വിമാനം കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണം. ഫയർ എഞ്ചിനുമായി കൂട്ടിയിടിച്ചതിന് പിന്നാലെ വിമാനത്തിൽ നിന്ന് പുക ഉയരുകയും തീപിടിക്കുകയുമായിരുന്നു. ഫയർ എഞ്ചിനിൽ ഉണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്.
#LATAM #airplanecrash update. Looks like the Lima Airport tower failed to control the traffic on the runway. Fire truck and airplane on runway. pic.twitter.com/FQOVo3mE6T
— Dore (@Sharkpatrol32) November 18, 2022
അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന 61 യാത്രക്കാരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയതായി പെറുവിലെ ആരോഗ്യവകുപ്പ് അറിയിച്ചു.ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ മരിച്ച അഗ്നിശമന സേനാജീവനക്കാരായ എയിഞ്ചൽ ടോറസ്, നികോളാസ് സാന്റാ ഗഡിയ എന്നിവരുടെ കുടുംബങ്ങൾക്ക് പെറു പ്രസിഡന്റ് പെട്രോ കാസ്റ്റില്ലോ അനുശോചനം അറിയിച്ചു.