കാറിൽ ചാരിനിന്നതിന് നാടോടി ബാലനെ ചവിട്ടിത്തെറിപ്പിച്ച മുഹമ്മദ് ശിഹ്ഷാദിന് ജാമ്യം
തലശ്ശേരി: റോഡരികിൽ നിറുത്തിയിട്ട കാറിൽ ചാരി നിന്ന ആറു വയസുകാരനായ നാടോടി ബാലനെ ചവിട്ടിത്തെറിപ്പിച്ച് കൊടുംക്രൂരത കാട്ടിയ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കാറുടമ പൊന്ന്യംപാലം മൻസാർ ഹൗസിൽ മുഹമ്മദ് ശിഹ്ഷാദിനാണ് (20)തലശ്ശേരി ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 16 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഇയാൾക്ക് ജാമ്യം ലഭിക്കുന്നത്. ഇന്നലെയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
നവംബർ മൂന്ന് വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ തലശ്ശേരി മണവാട്ടി ജംഗ്ഷനടുത്താണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. കൊടുംവളവിൽ നോ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ട കാറിലാണ് കുട്ടി ചാരി നിന്നത്. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. കുട്ടി പകച്ചു നിൽക്കുന്നതിന്റെ ഹൃദയഭേദകമായ കാഴ്ച സമീപത്തെ പാരലൽ കോളേജിലെ സി.സി ടി.വി ദൃശ്യങ്ങളിലൂടെയാണ് വ്യാപകമായി പ്രചരിച്ചത്. സംഭവം കണ്ട് ഒരു സംഘമാളുകൾ യുവാവിനെ ചോദ്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. കാറിലുണ്ടായിരുന്നവരെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അക്രമത്തെ ചോദ്യം ചെയ്തവരോട് പ്രതിയുടെ ന്യായീകരണം. ദൃശ്യം പുറത്തു വന്നതോടെ ഇത് കളവാണെന്ന് തെളിഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ അഡ്വ എം.കെ. ഹസ്സനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്