കെ എസ് ആർ ടി സി ബസിന്റെ വാതിൽ തുറന്ന് തെറിച്ചുവീണു; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ നില അതീവ ഗുരുതരം
ആലുവ: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ആലുവ- പെരുമ്പാവൂർ റൂട്ടിലെ പെരിയാർ ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഒക്കൽ എസ്എൻഎച്ച്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫർഹ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെയാണ് സംഭവം. സ്കൂളിലേയ്ക്ക് പോകാനായാണ് ഫർഹ കെഎസ്ആർടിസി ബസിൽ കയറിയത്. ബസിൽ തിരക്കായതിനാൽ ഡോറിന് സമീപമാണ് കുട്ടി നിന്നത്. അപ്രതീക്ഷിതമായി ഡോർ തുറന്ന് കുട്ടി റോഡിലേയ്ക്ക് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.