ടിടിഇ ട്രെയിനില്‍ നിന്ന് തള്ളിയിട്ട യാത്രക്കാരന്റെ കാല് അറ്റു, നില ഗുരുതരം
ബയ്റേലി: ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ടി.ടി.ഇ ട്രെയിനില്‍ നിന്ന് തള്ളിയിട്ട യാത്രക്കാരന്റെ കാല് അറ്റുപോയി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യാത്രക്കാരന്റെ നില ഗുരുതരമായി തുടരുകയാണ്. യുപിയിലെ ബറേലി റയില്‍വേ സ്റ്റേഷനിലാണ് സംഭവം. ടി.ടി.ഇയായ സുപന്‍ ബോറയ്ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.
ദിബ്രുഗഢ്- ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ്സില്‍ യാത്ര ചെയ്യവേയാണ് പട്ടാളക്കാരനായ സോനുവും ടിടിഇയായ സുപനും തമ്മില്‍ ടിക്കറ്റിനെ ചൊല്ലി തര്‍ക്കമുണ്ടാകുന്നത്. തര്‍ക്കം രൂക്ഷമായപ്പോള്‍ സോനുവിനെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളുകയും സോനു ട്രെയിനിനടിയിലേക്ക് വീഴുകയുമായിരുന്നു. കാല് അറ്റുപോയ സോനുവിനെ ഉടനടി സമീപത്തെ മിലിട്ടറി ഹോസ്പിറ്റലില്‍ എത്തിച്ചു. സോനു ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് പോലീസ് നല്കുന്ന വിവരം.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സുപന്‍ ബോറയ്ക്കെതിരെ 307ാം വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.