വരൻ വാങ്ങി നൽകിയ ലെഹങ്കയ്ക്ക് വില തീരെ കുറഞ്ഞുപോയി, വിവാഹത്തിൽ നിന്ന് യുവതി പിന്മാറി, വാങ്ങിയത് പതിനായിരം രൂപയ്ക്ക്
ഡെറാഡൂൺ: വരൻ കൊടുത്തയച്ച ലെഹങ്ക ഇഷ്ടപ്പെടാത്തതിനാൽ വധു വിവാഹത്തിൽ നിന്ന് പിന്മാറി. ലെഹങ്കയുടെ നിറവും ഡിസൈനുമൊക്കെ ഇഷ്ടമായെങ്കിലും വില താൻ പ്രതീക്ഷിച്ചത്ര ആയില്ല എന്നതാണ് യുവതിയെ ചൊടിപ്പിച്ചത്. ഇത്ര നിസാര കാര്യത്തിന് വിവാഹം വേണ്ടെന്നുവയ്ക്കരുതെന്ന് ബന്ധുക്കൾ ഉൾപ്പടെ പറഞ്ഞെങ്കിലും പിന്മാറാൻ യുവതി കൂട്ടാക്കിയില്ല. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ് സംഭവം.അൽമോറ സ്വദേശിയാണ് വരൻ. ഇയാൾ ലക്നൗവിൽ നിന്ന് ഏറ്റവും പുതിയ ഫാഷനിലുള്ള ലെഹങ്ക പതിനായിരം രൂപയ്ക്കാണ് വാങ്ങിയത്. എന്നാൽ ഇത്രയും വിലകുറഞ്ഞ ലെഹങ്ക ധരിക്കാൻ തന്നെക്കൊണ്ടാവില്ലെന്ന് യുവതി തീർത്തുപറഞ്ഞു. മാത്രമല്ല വിലകുറഞ്ഞ വസ്ത്രം വാങ്ങി നൽകിയ ഒരാളുമായുള്ള വിവാഹ ബന്ധത്തിന് തയ്യാറല്ലെന്നും യുവതി പറഞ്ഞു. വിവാഹത്തിന് രണ്ടുവീട്ടുകാരും എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചിരുന്നു. അതിനാൽ വിവാഹത്തിൽ നിന്ന് പിന്മാരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും യുവതി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.വിവാഹം മുടങ്ങിയതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാത്രമല്ല സ്റ്റേഷനുള്ളിൽ വച്ച് രൂക്ഷമായ വാദപ്രതിവാദമുണ്ടാവുകയും ചെയ്തു. ശക്തമായ നടപടി ഉണ്ടാകും എന്ന മുന്നറിയിപ്പുനൽകിയതോടെ ഒത്തുതീർപ്പിന് ഇരുകൂട്ടരും സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺമാസത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.