മുൻവശത്ത് രണ്ടുപല്ലില്ല ഒരു പല്ല് ഒടിഞ്ഞത്; പക്ഷേ പെൺകടുവ കൊന്നത് 30 ഓളം കന്നുകാലികളെ
വയനാട്: മീനങ്ങാടി മെെലമ്പാടി, കൃഷ്ണഗിരി, റാട്ടക്കുണ്ട് പ്രദേശങ്ങളിൽ ഒട്ടേറെ വളർത്തുമൃഗങ്ങളെ ഇരയാക്കിയ കടുവ വനം വകുപ്പിന്റെ കൂട്ടിലായി. അമ്പലവയൽ പൊന്മുടികോട്ടയ്ക്ക് സമീപം കുപ്പമുടി എസ്റ്റേറ്റിനുള്ളിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 വയസ് വരുന്ന പെൺകടുവയുടെ മുൻ നിരയിൽ രണ്ടുപല്ലുകൾ ഇല്ല കൂടാതെ ഒരു പല്ല് പൊട്ടിയ നിലയിലുമാണ്. സമീപപ്രദേശങ്ങളിലെ 30ഓളം കന്നുകാലികളെ കടുവ കൊന്ന് തിന്നതായാണ് റിപ്പോർട്ട്.മുൻപ് മെെലമ്പാടി മണ്ഡകവയലിൽ കടുവയ്ക്കായി സ്ഥാപിച്ച കൂട്ടിൽ കടുവക്കുഞ്ഞ് കുടുങ്ങിയതിനു ശേഷം അവിടെ കാര്യമായ പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ ഒരു മാസത്തിനുള്ളിൽ പെൺകടുവ കൊളഗപ്പാറ, കൃഷ്ണഗിരി ഭാഗത്ത് പ്രത്യക്ഷപ്പെട്ടു. തുടർച്ചയായ ദിവസങ്ങളിൽ ആടുകളെ ആക്രമിച്ചതോടെ ജനം ഭീതിയിലായി. കടുവ കൊന്ന ആടുകളുടെ ജഡവുമായി ഇവിടെ ജനം റോഡുപരോധിച്ചു. മൂന്നു ദിവസം മുൻപ് പൊൻമുടിക്കോട്ട പ്രദേശത്ത് കടുവയെ ചിലർ നേരിൽക്കണ്ടിരുന്നു.ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലും പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചും കൂട് വെച്ച് പിടികൂടാനുമുള്ള ശ്രമം നടത്തിവന്നെങ്കിലും ഫലം കണ്ടില്ല. അവസാനം മയക്കുവെടിവെച്ച് പിടികൂടാൻ നീക്കം ആരംഭിച്ചു. അതിനിടെയാണ് ഇന്നലെ പുലർച്ചെ കടുവ വനം വകുപ്പിന്റെ കൂട്ടിലായത്. എന്നാൽ കൂട്ടിലകപ്പെട്ടതിനെക്കൂടാതെ പരിസരത്ത് മറ്റൊരു കടുവകൂടിയുണ്ടെന്ന സംശയത്തിൽ വനംവകുപ്പ് തിരച്ചിൽ നടത്തി. വേറെ കടുവയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മാദ്ധ്യമപ്രവർത്തകർ അടക്കമുള്ളവരെ കൂടിനടുത്തേക്ക് വരാൻ അനുമതി നൽകിയത്. കടുവയെ കുപ്പാടിയിലെ വന്യമൃഗപരിചരണ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെയെത്തുന്ന നാലാമത്തെ കടുവയാണിത്.