സംസ്ഥാനത്ത് മദ്യവില ഉടൻ കൂടും, തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിൽ ഉണ്ടായേക്കും
തിരുവനന്തപുരം: കേരളത്തിൽ മദ്യത്തിന്റെ വില ഉയർത്താൻ നീക്കം. അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. കാര്യമായ വർദ്ധനയായിരിക്കും ഉണ്ടാവുക എന്നും അറിയുന്നത്. മദ്യവിതരണത്തിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനായി ഉത്പാദകൾക്കുള്ള ടേൺ ഓവർ ടാക്സ് ഒഴിവാക്കുമ്പോൾ ആ ഇനത്തിൽ സർക്കാരിന് 170 കോടിയുടെ നഷ്ടമാണ് ഉണ്ടാവുക. ഈ നഷ്ടം പരിഹരിക്കാൻ വില്പന നികുതി വർദ്ധിപ്പിക്കും. അതോടെയാണ് വില ഉയരുന്നത്. ഇക്കാര്യത്തിലുള്ള ബെവ്കോ എം ഡിയുടെ ശുപാർശ ധനകുപ്പ് പരിശോധിക്കുകയാണ്. മദ്യവിരണത്തിലെ പ്രതിസന്ധിമൂലം പതിനഞ്ചുദിവസത്തിനുള്ളിൽ 100കോടിയുടെ നഷ്ടമാണ് ബെവ്കോയ്ക്ക് ഉണ്ടായത്.ഡിസ്റ്റിലറികളിൽ നിർമാണം കുറഞ്ഞതോടെ വില്പനശാലകളിൽ ജനപ്രിയ ബ്രാൻഡുകളുടെ ലഭ്യതക്കുറവുണ്ട്. 750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്. ബെവ്കോയ്ക്ക് കൂടുതൽ ലാഭമുണ്ടാക്കുന്നത് ഇത്തരത്തിലുള്ള വില കുറഞ്ഞ ബ്രാൻഡുകളുടെ വിൽപ്പനയിലൂടെയാണ്. സ്പിരിറ്റിന്റെ വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്ന് നേരത്തേ തന്നെ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തിനോട് അനുകൂല തീരുമാനമുണ്ടാകാത്തതിനാൽ കമ്പനികൾ ഉത്പാദനം നിയന്ത്രിച്ചു. അതോടെ ജനപ്രിയ ബ്രാൻഡുകളുടെ ലഭ്യതയും കുറഞ്ഞു. മദ്യനിർമ്മാണത്തിനുള്ള സ്പിരിറ്റിന്റെ വിലയിൽ മൂന്നുമാസത്തിനിടെ ലിറ്ററിന് പത്തുരൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇപ്പോൾ 74 രൂപയാണ് വില. സ്പിരിറ്റിന്റെ വില കൂടിയതിന് ആനുപാതികമായി വില കൂട്ടണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം. പല പ്രമുഖ ബ്രാൻഡുകളുടേയും മദ്യം കേരളത്തിലെ ഡിസ്റ്റലറികളിലാണ് ഉത്പാദിപ്പിക്കുന്നത്. ഒരുമാസം ശരാശരി 20 ലക്ഷം കേയ്സ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് സംസ്ഥാനത്ത് വിൽക്കുന്നത്.