തൃശൂരിൽ വീട്ടുമുറ്റത്തുനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത് സ്കൂളിൽ ഒപ്പം പഠിച്ച കൂട്ടുകാരൻ, പൊലീസ് അന്വേഷണം
തൃശൂർ: വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഭർതൃമതിയായ യുവതിയെ തട്ടിക്കാെണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് പരാതി. കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയാണ് പരാതി നൽകിയത്. സ്കൂളിൽ ഒപ്പം പഠിച്ച അന്തിക്കാട് സ്വദേശി ആരോമൽ എന്നയാൾക്കെതിരെയാണ് പരാതി .സംഭവശേഷം മുങ്ങിയ ഇയാൾക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോകാൻ കാർ തരപ്പെടുത്തിക്കൊടുത്ത ഷെറിൻ എന്നയാളെ അറസ്റ്റുചെയ്തിട്ടുണ്ട്. ആരോമലിന്റെ സുഹൃത്തായ ഇയാൾ വാഹന തട്ടിപ്പ് കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.രാവിലെ വീട്ടുമുറ്റത്തുനിന്ന് ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി എന്നാണ് യുവതി പരാതിയിൽ പറയുന്നത്. യുവതിയെ കാണാതായതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. കുന്നംകുളം പൊലീസ് യുവതിയെ കണ്ടെത്താൻ രാത്രിമുഴുവൻ പലവഴിക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ യുവതിയെ ആരോമൽ തൃശൂർ നഗരത്തിൽ ഇറക്കിവിട്ടു. തുടർന്ന് യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അഭയം തേടി.യുവതിയെ തട്ടിക്കൊണ്ടുപോയ കാർ ഇടയ്ക്കുവച്ച് മാറിയിരുന്നു. തുടർന്ന് മറ്റൊരു വാഹനം തരപ്പെടുത്തിക്കൊടുത്തത് ഷെറിനായിരുന്നു. ഈ കാറിലാണ് യുവതിയെ രാത്രിമുഴുവൻ പാർപ്പിച്ചിരുന്നത്. സഹപാഠിയായിരുന്ന ആരോമൽ നിരന്തരം ശല്യക്കാരനായിരുന്നു എന്നാണ് യുവതി പറയുന്നത്.