ലഹരി കടത്താൻ ശ്രമം, തോക്ക് അടക്കമുള്ള ആയുധങ്ങളുമായി വ്ളോഗർ വിക്കി തഗ്ഗിനെ അറസ്റ്റ് ചെയ്ത് എക്സൈസ്
പാലക്കാട്∙ ലഹരി വസ്തുക്കളും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി പ്രമുഖ യൂട്യൂബറെ അടക്കം രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇവർ കാറിൽ ലഹരി കടത്താൻ ശ്രമിച്ചതായാണ് എക്സൈസ് വെളിപ്പെടുത്തുന്നത്. ‘വിക്കി തഗ്’ എന്ന പേരിലറിയപ്പെടുന്ന വ്ലോഗർ ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരാണ് പിടിയിലായത്.സഞ്ചരിച്ചിരുന്ന കാർ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയതിന് പിന്നാലെ പാലക്കാട് ചന്ദ്രനഗറിൽനിന്നാണ് എക്സൈസ് ഇവരെ പിടികൂടിയത്. 40 ഗ്രാം മെത്താംഫെറ്റമിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു. ലൈസൻസില്ലാത്ത തോക്കും കണ്ടെടുത്തിട്ടുണ്ട്. വാളയാർ ടോൾ പ്ളാസയിലെ ഡിവൈഡർ ഇടിച്ച് തകർത്ത് കടന്നു പോയ ഇവർ എക്സൈസ് പിന്തുടർന്നതോടെ കാറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പ്രതികൾ വലിയ അളവിൽ ലഹരി ഉപയോഗിച്ചിരുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്.