കൊച്ചിയിൽ മൂന്ന് വയസുകാരൻ കാനയിലേയ്ക്ക് വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊച്ചി: മൂന്നുവയസുകാരന് കാനയിൽ വീണ് പരിക്കേറ്റു. കൊച്ചി പനമ്പിള്ളി നഗറിലാണ് അപകടം. ഡ്രെയിനേജിന്റെ വിടവിലേയ്ക്ക് കുട്ടി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മ കുട്ടിയെ ഉടൻ പിടിച്ചുകയറ്റിയതിനാൽ വലിയ അപകടം ഒഴിവായി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. മെട്രോയിൽ നിന്നിറങ്ങി മാതാപിതാക്കൾക്കൊപ്പം നടന്ന് വീട്ടിലേയ്ക്ക് പോവുകയായിരുന്നു കുട്ടി. ഇതിനിടെയാണ് അപകടമുണ്ടായത്. ഈ കാന മൂടണമെന്ന് പരിസരവാസികളും കൗൺസിലറും ഉൾപ്പെടെയുള്ളവർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ വേണ്ട നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണം.