ആറ് വയസുകാരനെ വളര്‍ത്തുനായ കടിച്ച സംഭവം: ഉടമയ്ക്ക് 10,000 രൂപ പിഴ; ചികിത്സാചെലവും വഹിക്കണം
ലഖ്നൗ: ഗ്രേറ്റര്‍ നോയിഡയില്‍ ആറ് വയസുകാരനെ വളര്‍ത്തുനായ കടിച്ച സംഭവത്തില്‍ നായയുടെ ഉടമയക്ക് പതിനായിരം രൂപ പിഴ ചുമത്തി. ഗ്രേറ്റര്‍ നോയിഡ അതോറിറ്റിയാണ് പിഴ ചുമത്തിയത്. കൂടാതെ, കുട്ടിയുടെ ചികിത്സയുടെ മുഴുവന്‍ ചെലവും വഹിക്കാന്‍ നായയുടെ ഉടമയ്ക്ക് അധികൃതര്‍ നിര്‍ദേശം നല്കി. ഗ്രേറ്റര്‍ നോയിഡയിലെ ടെക്സോണ്‍ 4 ലുള്ള ലാ റെസിഡന്ഷ്യ സൊസൈറ്റിയിലെ ലിഫ്റ്റിനുള്ളില്‍ വെച്ച് ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് വളര്‍ത്തുനായയുടെ ആക്രമണമുണ്ടായത്. ലിഫ്റ്റിലെ സിസിടിവി ക്യാമറാദൃശ്യങ്ങള്‍ കൂടി പരിശോധിച്ചാണ് പിഴ ചുമത്തിയത്.
സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയ കുട്ടിയെ താഴത്തെ നിലയില്‍ നിന്ന് അമ്മ കൂട്ടി ലിഫ്റ്റില്‍ അവര്‍ താമസിക്കുന്ന പതിനഞ്ചാം നിലയിലേക്ക് പോകവെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ക്ക് പിന്നാലെ ഉടമയ്ക്കൊപ്പം ലിഫ്റ്റില്‍ കയറിയ നായ കുട്ടിയെ കണ്ടയുടനെ തന്നെ ആക്രമിക്കുകയായിരുന്നു. ഭയന്ന് തന്റെ പിന്നില്‍ ഒളിച്ച കുട്ടിയെ നായ വീണ്ടും ആക്രമിച്ചതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. നായ കടിക്കില്ലെന്ന ഉറപ്പിലാണ് തങ്ങള്‍ക്കൊപ്പം ലിഫ്റ്റില്‍ കയറാന്‍ അനുവദിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിക്കുകയും പ്രതിരോധ കുത്തിവെപ്പെടുക്കുകയും ചെയ്തതായി മാതാപിതാക്കള്‍ പറഞ്ഞു. നായയുടെ ഉടമയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് ഗ്രേറ്റര്‍ നോയിഡ സൊസൈറ്റി അധികൃതര്‍ സൊസൈറ്റി സന്ദര്‍ശിച്ച് നടപടിയെടുത്തത്. അപാര്‍ട്ട്മെന്റുകളില്‍ നായയെ വളര്‍ത്തുന്നതിന് കര്‍ശനനിര്‍ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും നായപ്രേമികള്‍ പലപ്പോഴും അവ പാലിക്കാറില്ലെന്ന് പ്രദേശത്തെ ഒരു അപാര്‍ട്ട്മെന്റ് ഓണേഴ്സ് അസ്സോസിയേഷന് പ്രതികരിച്ചു.