ഹോളിവുഡ് നടിക്കും ഭർത്താവിനും നേരെ വധശ്രമം, വെടിവെപ്പിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഹോളിവുഡ് നടി ഡെനിസ് റിച്ചാർഡ്സിനും ഭർത്താവ് ആരോൺ ഫൈപേർസിനും നേരെ വെടിവെപ്പ്. ലോസ് ആഞ്ജലിസിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് വെടിവയ്പുണ്ടായത്. ഇരുവരും തലനാരിഴയ്ക്കാണു പരുക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റോഡിലെ തർക്കമാണു വെടിവയ്പിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സ്റ്റുഡിയോയിലേക്കു ട്രക്കിൽ പോവുകയായിരുന്നു ഇരുവരും. പാർക്ക് ചെയ്യാനായി ട്രക്ക് നിർത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന വാഹനത്തിലെ ഡ്രൈവർ ആക്രോശിക്കുകയും മുന്നിലേക്കു കടക്കാനും ശ്രമിച്ചു. ട്രക്ക് ഓടിച്ചിരുന്ന ആരോൺ, ഈ വാഹനത്തെ മറികടക്കാൻ അനുവദിച്ചു. എന്നാൽ, മറികടന്നെത്തിയ വാഹനത്തിലുണ്ടായിരുന്നയാൾ ഡെനിസ് സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു.
ഡ്രൈവറുടെ സീറ്റിലേക്കാണു വെടിയുതിർത്തത്. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ അക്രമി സ്ഥലംവിടുകയും ചെയ്തു. സംഭവത്തിൽ ഭയന്ന നടി ഷൂട്ടിങ് സെറ്റിലേക്കു കരഞ്ഞുകൊണ്ടാണ് എത്തിയത്. സെറ്റിലുള്ളവർ ഇവരുടെ വാഹനത്തിൽ വെടിയുണ്ടയേറ്റ ദ്വാരം കണ്ടെത്തുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അക്രമിയെ ഉടൻ പിടികൂടുമെന്നും ലോസ് ആഞ്ജലിസ് പൊലീസ് അറിയിച്ചു.
ജയിംസ് ബോണ്ട് ചിത്രമായ ദ വേൾഡ് ഈസ് നോട്ട് ഇനഫ്, ബ്ലൂ ലഗൂൺ: ദ അവേക്കനിങ്, സ്റ്റാർഷിപ്പ് ട്രൂപ്പേഴ്സ്, സ്കെയറി മൂവീ 3, ആൽഫാ കോഡ് തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഡെനിസ്. 2009-ൽ അക്ഷയ് കുമാർ നായകനായ കംബക്ത് ഇഷ്ഖ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അവർ മുഖം കാണിച്ചു. 2018ലാണ് ഡെനിസും ആരോണും വിവാഹിതരായത്.