കോഴിക്കോട്: രമേശ് ചെന്നിത്തല ഒരു തരംതാണ പ്രതിപക്ഷനേതാവാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു .
കെ.സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
രമേശ് ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷനേതാവാണെന്ന് കേരളത്തിനു ബോധ്യമായി. ഗവര്‍ണ്ണറെ നിയമസഭയില്‍ തടയുകയും അപമാനിക്കുകയും ചെയ്യുകവഴി ഇവിടുത്തെ പ്രതിപക്ഷം തികച്ചും ജനാധിപത്യവിരുദ്ധരും സാമൂഹ്യവിരുദ്ധരുമാണെന്ന് തെളിയിച്ചിരിക്കുകയാണ്. നടപടി എടുക്കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ട്.
നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തെ സ്പീക്കര്‍ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ചു നീക്കുകയായിരുന്നു. ഇതിനുശേഷം പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്കരിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സഭയ്ക്കു പുറത്തിരുന്നുള്ള പ്രതിപക്ഷ അംഗങ്ങളുടെ കുത്തിയിരിപ്പ് പ്രതിഷേധം തുടരുകയാണ്.
ഏഴു മിനിറ്റോളം ഗവര്‍ണറും മുഖ്യമന്ത്രി ഉള്‍പ്പെടെയുമുള്ളവരെ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ തടഞ്ഞുവച്ചു. ഇതിനുശേഷമാണ് വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിക്കാന്‍ സ്പീക്കര്‍ തീരുമാനമെടുത്തത്. നടുത്തളത്തില്‍ കിടന്ന് പ്രതിഷേധിച്ച അന്‍വര്‍ സാദത്തിനെ വാച്ച് ആന്റ് വാര്‍ഡ് എടുത്ത് കൊണ്ടുപോയി. ഗവര്‍ണറെ വാച്ച് ആന്റ് വാര്‍ഡ് വലയത്തില്‍ സുരക്ഷിതമായി ഇരിപ്പിടത്തില്‍ എത്തിച്ചു. പ്രതിഷേധത്തിന് എത്തിയ പ്രതിപക്ഷാംഗങ്ങളെ വലിച്ചിഴച്ചാണ് വാച്ച് ആന്റ് വാര്‍ഡ് മാറ്റിയത്.