യുവാവിനെ യുവതിയുടെ ഫ്ളാറ്റിലെത്തിച്ച് മര്‍ദിച്ചു; വീഡിയോ പകര്‍ത്തി, ഫ്ളാറ്റില്‍ പൂട്ടിയിട്ടു
ബേപ്പൂര്‍: കടംവാങ്ങിയ പണം തിരികെച്ചോദിച്ച യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ബേപ്പൂര്‍ ബി.സി. റോഡ് പുതിയേടത്തുപറമ്പില്‍ ടി. ശ്രീജ (40), ബേപ്പൂര്‍ കൈതവളപ്പ് കോങ്ങന്റകത്ത് പ്രണോഷ് (26), ബേപ്പൂര്‍ വെസ്റ്റ് മാഹി തയ്യാട്ടില്‍ അഖിനേഷ് (26), ബേപ്പൂര്‍ മാണിക്കോത്ത് പറമ്പില്‍ സുഹൈല്‍ (24) എന്നിവരെയാണ് ബേപ്പൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
ഒളവണ്ണ സ്വദേശി വിനോയിയെ കടംവാങ്ങിയ 6500 രൂപ തിരികെനല്കാമെന്ന് പറഞ്ഞ് ശ്രീജയുടെ ബി.സി. റോഡിലെ ഫ്ലാറ്റിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിനോയിയെ മര്‍ദിക്കുകയും വീഡിയോയെടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു.വിനോയിയുടെ പോക്കറ്റിലുണ്ടായിരുന്ന 2000 രൂപ കവരുകയും ഫ്ലാറ്റില്‍ പൂട്ടിയിട്ടുകയുംചെയ്തു.
ഈ കേസില്‍ മാറാട് സ്വദേശി ശരത് കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐ.മാരായ ഷൈജ, അബ്ദുള്‍വഹാബ്, എ.എസ്.ഐ. ദീപ്തിലാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ് ജിതേഷ്, ഷീനാ ജോര്‍ജ്, രമ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.