ക്ഷേത്ര മോഷ്ടാക്കളെന്ന് ആരോപിച്ച് കുടുംബത്തിന് നേരെ ആൾക്കൂട്ട ആക്രമണം; അടിയേറ്റ് പത്തുവയസുകാരി കൊല്ലപ്പെട്ടു
ചെന്നൈ:ക്ഷേത്ര മോഷ്ടാക്കളാണെന്ന് സംശയിച്ച് ആറംഗ കുടുംബത്തിനുനേരെ നാട്ടുകാർ നടത്തിയ ആക്രമണത്തിൽ പത്തുവയസുകാരി കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലെ കിള്ളനൂർ ഗ്രാമത്തിന് സമീപത്തായിരുന്നു സംഭവം. പുതുക്കോട്ട സ്വദേശികൾ തന്നെയാണ് ആക്രമണത്തിനിരയായതെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.നവംബർ 14 നായിരുന്നു ആക്രമണം നടന്നത്. പ്രദേശത്തെ ചില ക്ഷേത്രങ്ങളിൽ നേരത്തേ മോഷണം നടന്നിരുന്നു. മോഷ്ടാക്കളുടെ സംഘത്തെ കണ്ടെത്തിയതായി വാട്സാപ്പ് സന്ദേശങ്ങൾ ഗ്രാമവാസികൾക്കിടയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ആറംഗ കുടുംബം ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ കവർച്ചക്കാരെന്ന് ഉറപ്പിച്ച് കുറച്ചുപേർ ഇരുചക്രവാഹനങ്ങളിൽ ഓട്ടോയെ പിന്തുടർന്നു. വിവരമറിഞ്ഞതോടെ ആൾക്കാരുടെ എണ്ണം കൂടി. അല്പസമയത്തിനകം ഓട്ടോവളഞ്ഞ ജനക്കൂട്ടം ഉള്ളിലുണ്ടായിരുന്നവർക്കുനേരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിന് പോയ തങ്ങളെ ഗ്രാമവാസികൾ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, ഓട്ടോയിലുണ്ടായിരുന്നവർ മോഷ്ടിച്ചതെന്ന് പറയപ്പെടുന്ന സാധനങ്ങളുടെ മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.