‘ഇതാണ് എന്നെ ബെറ്റിൽ തോൽപ്പിച്ച നിഥിൻ”, അഞ്ച് ലക്ഷം രൂപ കൊടുത്തോയെന്ന് ആരാധകർ; ചോദ്യത്തിന് ഒമർ ലുലു നൽകിയ മറുപടി
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് ബെറ്റ് വച്ച് തന്നെ പരാജയപ്പെടുത്തിയ കോഴിക്കോട് സ്വദേശി നിഥിനെ നേരിൽ കണ്ട് സംവിധായകൻ ഒമർ ലുലു. “ഗംഭീര മത്സരം ആകട്ടെ ഫൈനലിൽ പാകിസ്ഥാൻ ജയിക്കു”മെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞാഴ്ച ഒമർ ലുലു ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് നിഥിൻ നൽകിയ കമന്റും സംവിധായകൻ കൊടുത്ത മറുപടിയും വൈറലായിരുന്നു.
‘ഇംഗ്ലണ്ട് ജയിക്കും. ബെറ്റ് ഉണ്ടോ അഞ്ച് ലക്ഷത്തിന്? ധൈര്യം ഉണ്ടെങ്കിൽ ബെറ്റ് വച്ചാൽ മതി.’ എന്നായിരുന്നു നിഥിന്റെ കമന്റ്. ഒമർ ലുലു സമ്മതിക്കുകയും ചെയ്തു. ബെറ്റിൽ നിഥിൻ ജയിച്ചതോടെ കാശ് കൊടുക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ നിരവധിപേർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ നിഥിനെ കണ്ട സന്തോഷം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് വീഡിയോയുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു.
‘ഇതാണ് നിഥിൻ നാരായണൻ. പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനൽ മാച്ചിൽ ബെറ്റ് വച്ചിട്ട് എന്നെ മലർത്തിയടിച്ച മഹാൻ. കോഴിക്കോട് ബേപ്പൂർ ആണ് നിഥിന്റെ വീട്. പൈസ കൊടുത്തോ എന്നതാണ് നിങ്ങൾക്കറിയേണ്ടത്. ആ രഹസ്യം ഞങ്ങളോടുകൂടി മണ്ണിൽ അലിഞ്ഞ് ചേരട്ടെ. അതിനെപ്പറ്റി ഒന്നും പറയുന്നില്ല. ഞങ്ങൾ ഹാപ്പിയാണ്.’ – ഒമർ ലുലു പറഞ്ഞു.
‘സ്ഥിരമായിട്ട് കമന്റ് ചെയ്യുന്നയാളാണ് ഞാൻ. ഇക്ക അതിനെല്ലാം മറുപടി തരാറുണ്ട്. അത്തരത്തിൽ തിരിച്ചൊരു മറുപടി തന്നതാണ് ഇക്ക. തമാശയായിട്ടാണ് രണ്ടുപേരും എടുത്തത്. പക്ഷേ സോഷ്യൽ മീഡിയയിൽ അത് വൈറലായി. അഞ്ച് ലക്ഷമല്ല, അതിലും വലുതാണ് നമ്മുടെ ഇക്ക.’- നിഥിൻ പറഞ്ഞു.