ന്യൂഡല്‍ഹി: പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെക്കൂ എന്ന് മുദ്രാവാക്യം മുഴക്കിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. തന്റെ നേരെ വെടിയുതിര്‍ക്കാന്‍ ധൈര്യമുണ്ടോ എന്ന് അനുരാഗ് താക്കൂറിനെ അദ്ദേഹം വെല്ലുവിളിച്ചു.
‘ഞാന്‍ അനുരാഗ് താക്കൂറിനെ വെല്ലുവിളിക്കുന്നു. എന്നെ വെടിവെക്കാന്‍ ഇന്ത്യയിലെ ഏത് സ്ഥലം വേണമെങ്കിലും നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. ഞാന്‍ അവിടെ വരാന്‍ ഒരുക്കമാണ്. കാരണം രാജ്യത്തെ രക്ഷിക്കുമെന്ന ഉറച്ച് തീരുമാനത്തോടെ ഞങ്ങളുടെ ഉമ്മാരും സഹോദരിമാരും തെരുവിലിറങ്ങിയ ഈ അവസരത്തില്‍ നിങ്ങളുടെ ഭീഷണി എന്നെ ഒട്ടും ഭയപ്പെടുത്തുന്നില്ല’- ഉവൈസി പറഞ്ഞു.
നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ റിതാല മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെയായിരുന്നു താക്കൂറിന്റെ വിദ്വേഷ പരാമര്‍ശം. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലണമെന്ന മുദ്രാവാക്യമാണ് പരിപാടിക്കിടെ മുഴക്കിയത്. ‘ദേശ് കി ഗദ്ദാറോം കോ’ എന്ന് തുടര്‍ച്ചയായി വിളിച്ചു കൊടുത്ത താക്കൂറിന്റെ മുദ്രാവാക്യത്തിന്, ‘ഗോലി മാറോ സാലോ കോ’ എന്നു കൂടിനിന്നവര്‍ ഏറ്റുവിളിക്കുകയും, അതിന് മന്ത്രി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയുമായിരുന്നു. ഇതിനെതിരെ ആംആദ്മി പാര്‍ട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് താക്കൂറിന് നോട്ടിസ് അയച്ചിരുന്നു.
കമ്മീഷന് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍, ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിലക്ക് ലഭിക്കുന്ന രണ്ടാമത്തെ ബി.ജെ.പി നേതാവാവകും അനുരാഗ് ടാക്കൂര്‍. ഇന്ത്യാ പാകിസ്താന് പോരാട്ടത്തോട് തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്തുള്ള ട്വീറ്റിനെ തുടര്‍ന്ന് മോഡേണ്‍ ടൌണ്‍ സ്ഥാനാര്‍ത്ഥി കപില്‍ മിശ്രയെ കമ്മീഷന് രണ്ട് ദിവസത്തേക്ക് പ്രചാരണത്തില്‍ നിന്നും വിലക്കിയിരുന്നു.