ലഹരിവിമോചന കേന്ദ്രത്തില്‍ സഹവാസിയെ തലയ്ക്കടിച്ച് കൊന്നു, 25കാരനായ പ്രതി പിടിയില്‍
കൊല്ലപ്പെട്ട വിജയൻ, പ്രതി ബിജോയ്
തിരുവനന്തപുരം: വെള്ളനാട്: ലഹരിവിമോചനകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നയാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളനാട് കരുണാസായി ലഹരിവിമോചനകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കഴക്കൂട്ടം ഉള്ളൂര്‍ക്കോണം ഉടക്കുംകര പുത്തന്‍വീട്ടില്‍ എം.വിജയനെ(50) കൊലപ്പെടുത്തിയ കേസിലാണ് കൊല്ലം പരവൂര്‍ പൂതക്കുളം സ്വദേശി എസ്.ബിജോയി (25)യെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബിജോയിയും ലഹരിവിമോചനകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് ചിറയിന്‍കീഴില്‍നിന്നാണ് ഷാഡോ പോലീസ് ഇയാളെ പിടികൂടിയത്.
വെള്ളനാട് കരുണാസായി ലഹരിവിമോചന കേന്ദ്രത്തില്‍ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. ബിജോയി ചെടിച്ചട്ടികൊണ്ട് വിജയന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടനെ വിജയനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 7.30ഓടെ മരിച്ചു.
ആക്രമണത്തിനു ശേഷം ലഹരിവിമോചന കേന്ദ്രത്തിന്റെ ജനാലകള്‍ അടിച്ചുതകര്‍ത്ത ബിജോയി കെട്ടിടത്തിന്റെ മുകളില്‍ കയറി സമീപത്തെ മരത്തിലൂടെ മതിലിനു പുറത്തിറങ്ങി സ്ഥലത്തുണ്ടായിരുന്ന സ്കൂട്ടര്‍ എടുത്ത് രക്ഷപ്പെടുകയായിരുന്നു.
മരിച്ച വിജയന് കഴിഞ്ഞ നാലാം തീയതിയും ബിജോയി 11-നുമാണ് കരുണാസായിയില്‍ ചികിത്സയ്ക്ക് എത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.