പാവയ്ക്കുള്ളില്‍ ഒളിപ്പിച്ചത് എട്ടുലക്ഷം രൂപയുടെ എം.ഡി.എം.എ; ബെംഗളൂരുവില്‍ മൂന്ന് മലയാളികള്‍ പിടിയില്‍
ബെംഗളൂരു: പാവയ്ക്കുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് കൂറിയര്‍ വഴി കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട സ്വദേശികളായ എസ്. പവീഷ് (33), ഷഫാസുദ്ദീന്, പാലക്കാട് സ്വദേശി എം. അഭിജിത് (25) എന്നിവരാണ് അറസ്റ്റിലായതെന്ന് വൈറ്റ് ഫീല്‍ഡ് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്. ഗിരീഷ് അറിയിച്ചു. കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
വൈറ്റ്ഫീല്‍ഡ് പട്ടന്ദൂര്‍ അഗ്രഹാരയിലെ കൂറിയര്‍ സ്ഥാപനം വഴിയാണ് ഇവര്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. പാഴ്സലിലെ സാധനത്തില്‍ സംശയംതോന്നിയ കൂറിയര്‍ സര്‍വീസ് ജീവനക്കാര്‍ വൈറ്റ് ഫീല്‍ഡ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ മയക്കുമരുന്ന് കണ്ടെത്തി. 8.8 ലക്ഷം രൂപയുടെ എം.ഡി.എം.എ. മയക്കുമരുന്നാണ് പിടിച്ചെടുത്തത്.