പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത് രാസലഹരി നൽകി, കൊച്ചിയിൽ പിടിയിലായത് ഒരു സ്ത്രീ ഉൾപ്പടെ എട്ടുപേർ, ആകെ 21 പ്രതികൾ
കൊച്ചി: പാലക്കാട് ഒറ്റപ്പാലത്തു നിന്ന് കാണാതായ പതിനേഴുകാരി കൊച്ചി നഗരത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കൂട്ടമാനഭംഗത്തിന് ഇരയായി. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന സംഭവത്തിൽ പാലാരിവട്ടം, സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലായി എട്ടുപേർ അറസ്റ്റിലായി.കേസിൽ മൊത്തം 21 പ്രതികളാണുള്ളത്. ഇതിൽ 14 പേരുടെ മേൽ പീഡനക്കുറ്റവും മറ്റുള്ളവരിൽ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. മട്ടാഞ്ചേരി ചക്കാമാടം ജോഷി തോമസ്(40), ആലുവ ചൂർണിക്കര കരിപ്പായിൽ വീട്ടിൽ കെ.ബി.സലാം(49), തൃശൂർ കൃഷ്ണപുരം കാക്കശേരി വീട്ടിൽ അജിത്ത്കുമാർ(24), പത്തനംതിട്ട പന്തളം കുരമ്പാല ഓലക്കാവിൽ വീട്ടിൽ മനോജ് സോമൻ(34), ഉദയംപേരൂർ മാക്കാലിക്കടവ് പൂന്തുറ ചിറയിൽ ഗിരിജ (52), പുത്തൻകുരിശ് കാഞ്ഞിരക്കാട്ടിൽ അച്ചു(26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് വീട്ടിൽ നിഖിൽ ആന്റണി(37), കോട്ടയം കാണാക്കാലി മുതിരക്കാല കൊച്ചുപറമ്പിൽ ബിജിൻ മാത്യു(22)എന്നിവരാണ് അറസ്റ്റിലായത്.rapeകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് പീഡന വിവരം അറിഞ്ഞത്. കേസിലെ പ്രധാന പ്രതിയാണെന്ന് കരുതുന്ന ഡൊണാൾഡ് വിൽസൻ സമാനമായ മറ്റൊരു കേസിൽ കൊല്ലം പാരിപ്പള്ളി പൊലീസിന്റെ പിടിയിലായിരുന്നു. റിമാൻഡിലുള്ള ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് സെൻട്രൽ പൊലീസ് പറഞ്ഞു.എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ കുട്ടിയെ പരിചയപ്പെട്ട ഡൊണാൾഡ് വിവേകാനന്ദ റോഡിലുള്ള ഹോട്ടലിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഹോട്ടലുടമ ജോഷി, മാനേജർ അജിത് കുമാർ എന്നിവരെ വിളിച്ചു വരുത്തി. കുട്ടിയെ ഇവരും പീഡനത്തിനിരയാക്കി. ഇതിനു ശേഷം വീണ്ടും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ കുട്ടിയെ മനോജ് ജോലി വാഗ്ദാനം ചെയ്ത് ചിറ്റൂർ റോഡിലെ ലോഡ്ജിലെത്തിച്ചു. ഈ ലോഡ്ജിന്റെ ഉടമ കെ.ബി.സലാമും മനോജും കുട്ടിയെ പീഡിപ്പിച്ചു. പിന്നീടു പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ള ഗിരിജയ്ക്കു കൈമാറുകയായിരുന്നു. മറ്റുള്ള പ്രതികൾക്കു പെൺകുട്ടിയെ കാഴ്ചവച്ചതു ഗിരിജയാണെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു.ജൂൺ 21 മുതൽ ആഗസ്റ്റ് 4 വരെയുള്ള കാലയളവിലാണു പീഡനം നടന്നത്. വീടു വിട്ടിറങ്ങിയ പെൺകുട്ടി എറണാകുളത്തിനു പുറമെ കൊല്ലം, തൃശൂർ, വയനാട് എന്നീ ജില്ലകളിലെത്തിയിരുന്നു. ഇവിടെയെല്ലാം പീഡനത്തിനിരയാവുകയും ചെയ്തു. രാസലഹരിയുൾപ്പെടെ നൽകിയാണു കുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. ഒടുവിൽ തിരുവനന്തപുരം ലുലു മാളിനു സമീപത്തു നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ ഹോമിലേക്കു മാറ്റിയ കുട്ടി ഒരു മാസത്തിനു ശേഷമാണു പീഡന വിവരം തുറന്നു പറഞ്ഞത്. സംഭവത്തിൽ മറ്റ് ജില്ലകളിലും അറസ്റ്റ് ഉണ്ടായേക്കും.